അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
“ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ മുകളിലെ ബെർത്തിന് മുകളിലുള്ള യൂട്ടിലിറ്റി റാക്കിൽ ഉണങ്ങാനായി ഇട്ടിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.
“2025 ഓഗസ്റ്റ് 15, ഏകദേശം രാവിലെ 10 മണി. ബാംഗ്ലൂർ (എസ്.ബി.സി) – ജയ്പൂർ (ജെ.പി) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12975/12976). എനിക്ക് എ.സി. കോച്ച് കിട്ടിയില്ല, പക്ഷേ സൗജന്യ അലക്കൽ സേവനം ലഭിച്ചു,” എന്ന് ഉപയോക്താവ് ചിത്രത്തിന് അടിക്കുറിപ്പ് നൽകി.
ചിത്രം വൈറലായതോടെ, യാത്രക്കാരനു പൗരബോധമില്ലെന്നും മറ്റുള്ളവർക്ക് യാത്ര അസ്വസ്ഥതയുണ്ടാക്കുമെന്നും പലരും കുറിച്ചു.
‘അവന്റെ അടിവസ്ത്രം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അവനോട് പറയൂ’ എന്നായിരുന്നു ഒരു കമന്റ്. ‘ഓ എന്റെ ദൈവമേ, ഇത് ഞെട്ടിപ്പിക്കുന്നതാണ്’ എന്ന് മറ്റൊരാൾ കുറിച്ചു. ‘വിദേശങ്ങളിൽ പോലും ധാരാളം ആളുകൾക്ക് പൗരബോധ പ്രശ്‌നങ്ങളുണ്ട്, പക്ഷേ ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്’ എന്നായിരുന്നു വേറൊരു കമന്റ്.
ട്രെയിൻ യാത്രക്കാരുടെ വിചിത്രമായ പെരുമാറ്റം കാരണം ഇന്ത്യൻ റെയിൽവേ വാർത്തകളിൽ ഇടം നേടുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം, രണ്ട് ബെർത്തുകൾക്കിടയിൽ കയറുപയോഗിച്ച് കട്ടിൽ മെനഞ്ഞ് താൽക്കാലിക കിടക്ക ഉണ്ടാക്കുന്ന ഒരു യാത്രക്കാരന്റെ വീഡിയോ വൈറലായിരുന്നു.




