Oddly News

കുട്ടിയെ കാണാനില്ല, നെട്ടോട്ട​​മോടി പോലീസ്, ഒളിച്ചിരുന്ന വികൃതിയെ സ്‌നിഫര്‍ ഡോഗ് കണ്ടെത്തി ! ഒളിച്ചത് ട്യൂഷന്‍ ഒഴിവാക്കാന്‍

ഗോരഖ്‌പൂര്‍ (യു.പി): ഗൃഹപാഠം ചെയ്യാത്തതിനാല്‍ ടൂഷന്‍ ക്ലാസില്‍ പോകാന്‍ മടിയായി വീടിനുള്ളിലെ അടച്ചിട്ട മുറിയില്‍ ഒളിച്ചിരുന്നു നാലാം ക്ലാസുകാരന്‍!. കുട്ടിയെ കാണാനില്ല എന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ്‌ സ്‌ക്വഡുകള്‍ രൂപീകരിച്ച്‌ വിവിധ മേഖലകളില്‍ നാലു മണിക്കൂര്‍ നീണ്ട തെരച്ചില്‍. ഒടുവില്‍ വീടിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും കുട്ടിയെ സ്‌നിഫര്‍ ഡോഗിന്റെ സഹായത്തോടെ കണ്ടെത്തി.

ഉദ്വേഗജനകമായ സംഭവം നടന്നത്‌ ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരിലാണ്‌. ലക്ഷ്യ പ്രതാപ്‌ സിങ്‌ എന്ന 10 വയസുകാരനെ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചോടെ കളിക്കാന്‍ പോയിരുന്നു. പക്ഷേ തിരിച്ചെത്തിയില്ല, ഇത്‌ തട്ടിക്കൊണ്ടുപോകല്‍ സംശയം ജനിപ്പിക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചതായി പോലീസ്‌ പറഞ്ഞു.തുര്‍ന്ന്‌ കുട്ടിയുടെ മുത്തച്‌ഛന്‍ സദാനന്ദ്‌ സിങ്‌, ചിലുവടല്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ്‌ കുട്ടിയുടെ ഫോട്ടോ വിവിധ സ്‌റ്റേഷനുകളിലും വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു.

റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്‌ സ്‌റ്റാന്‍ഡുകളിലും പരിശോധനകള്‍ ആരംഭിച്ചു.കുട്ടിയെ കുറിച്ച്‌ ഒരു സൂചനയും ലഭിക്കാത്തതിനാല്‍, എസ്‌.പി. (നോര്‍ത്ത്‌) ജിതേന്ദ്ര കുമാര്‍ ശ്രീവാസ്‌തവ ഡോഗ്‌ സ്‌ക്വാഡിനെ വിളിച്ചു.സ്‌നിഫര്‍ നായ ടോണിക്ക്‌ ലക്ഷ്യയുടെ ഷര്‍ട്ട്‌ മണം പിടിക്കാന്‍ നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍, ടോണി വീടിനുള്ളിലേക്ക്‌ ഓടി, പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌ നോക്കി കുരയ്‌ക്കാന്‍ തുടങ്ങി. പോലീസ്‌ പൊളിച്ച്‌ അകത്തുകയറിയപ്പോള്‍ കുട്ടി ഒരു മൂലയില്‍ ഉറങ്ങുന്നത്‌ കണ്ടെത്തി.ഉറക്കമുണര്‍ന്നപ്പോള്‍ ഗൃഹപാഠം പൂര്‍ത്തിയാകാത്തതിനാല്‍ ട്യൂഷന്‍ ഒഴിവാക്കാന്‍ ഒളിച്ചിരിക്കുകയാണെന്നു ലക്ഷ്യ സമ്മതിച്ചു.”ടീച്ചര്‍ പോയതിനുശേഷം ഞാന്‍ പുറത്തുവരാമെന്നു ഞാന്‍ കരുതി, പക്ഷേ ഞാന്‍ ഉറങ്ങിപ്പോയി” കുട്ടി പോലീസിനോട്‌ പറഞ്ഞു.തട്ടിക്കൊണ്ടുപോകല്‍ ഭയന്ന്‌ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നതായി എസ്‌.പി. ശ്രീവാസ്‌തവ പറഞ്ഞു.