Oddly News

മദ്യ ലഹരിയില്‍ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ചു; കട്ടിലിനരികില്‍ കിടത്തി ഉറങ്ങി യുവാവ്

മദ്യപിച്ച് ലക്കുകെട്ട് തന്നെ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ച് യുവാവ്. ശരീരത്തില്‍ വിഷം പടര്‍ന്നതോടെ വെങ്കിടേഷെന്ന ഈ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്.

അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. പിന്നീട് ചത്ത പാമ്പിനെ വീട്ടിൽ കൊണ്ടുപോയി കട്ടിലിനരികിൽ കിടത്തി ഉറങ്ങി. എന്നാല്‍ രാവിലെയായപ്പോള്‍ ശരീരത്തില്‍ വിഷം പടര്‍ന്ന് ആരോഗ്യനില മോശമാകുകയായിരുന്നു.

വെള്ളിയാഴ്ച വെങ്കിടേഷിനെ വീട്ടുകാര്‍ ശ്രീകാളഹസ്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുപ്പതിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.