Featured Sports

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുമോ ; BCCI പ്രസിഡന്റാകുമോ ? പ്രതികരിച്ച് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്റെ കാലത്ത് ജീവിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന അനേകം കടുത്ത ആരാധകര്‍ ലോകത്തുടനീളമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സച്ചിന്റെ വിരമിച്ച ശേഷം മാസ്‌റ്റേഴ്‌സ് ക്രിക്കറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. എന്നാല്‍ സച്ചിനെ കാത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് നില്‍ക്കുമ്പോള്‍ താരം എന്തു തീരുമാനം എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്.

ബിസിസിഐ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി. താന്‍ ബിസിസി ഐയിലെ ഒരു സ്ഥാനവും ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

70 വയസ്‌ പൂര്‍ത്തിയായതോടെ നിലവിലെ ബി.സി.സി.ഐ. പ്രസിഡന്റ്‌ റോജര്‍ ബിന്നിയുടെ കാലാവധി അവസാനിച്ചിരുന്നു. വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ ശുക്ലയാണ്‌ നിലവില്‍ ബിന്നിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത്‌. സച്ചിന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തെത്തുമെന്നു വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയാണ്‌ അഭ്യൂഹമുണ്ടായത്‌. സച്ചിന്‌ പ്രസിഡന്റ്‌ സ്‌ഥാനത്തിരിക്കാന്‍ താല്‍പര്യമില്ലെന്ന്‌ എസ്‌.ആര്‍.ടി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വ്യക്‌തമാക്കി.

നാമനിര്‍ദേശം ചെയ്‌താലും ആ പദവി ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്‌തമാക്കി.
മൂന്ന്‌ വര്‍ഷം കൂടുമ്പോഴാണു ബി.സി.സി.ഐയില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 37 അംഗ സംഘാടക സമിതിയിലേക്കാണു തെരഞ്ഞെടുപ്പ്‌. മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയായിരുന്നു ബിന്നിയുടെ മുന്‍ഗാമി. 28 നു ബി.സി.സി.ഐയുടെ വാര്‍ഷിക സമ്മേളനം നടക്കാനിരിക്കുകയാണ്‌. അന്ന്‌ ഐ.പി.എല്‍. സംഘാടക സമിതി ചെയര്‍മാന്‍ സ്‌ഥാനത്തേക്കുള്‍പ്പെടെ തെരഞ്ഞെടുപ്പ്‌ നടത്തും.

സച്ചിന്‍ നിലപാട്‌ വ്യക്‌തമാക്കിയതോടെ അടുത്ത പ്രസിഡന്റ്‌ ആരായിരിക്കുമെന്ന ചര്‍ച്ചകളും സജീവമായി. 24 വര്‍ഷത്തെ കരിയറിനോടു വിട പറഞ്ഞ ശേഷം സച്ചിന്‍ കോച്ചിങ്‌ രംഗത്തേക്കോ ഭരണ രംഗത്തേക്കോ തിരിഞ്ഞില്ല. ഐ.പി.എല്‍. ടീം മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണാണെങ്കിലും സച്ചിന്‍ ഒരിക്കലും അവരെ പരിശീലിപ്പിക്കാന്‍ തായറായില്ല. അപൂര്‍വമായി കമന്റേ്‌റ്ററുടെ റോളിലെത്തിയും സന്നദ്ധ മത്സരങ്ങളില്‍ കളിച്ചതും മാത്രമാണ്‌ അപവാദം.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ ടെണ്ടുല്‍ക്കറെ കണക്കാക്കപ്പെടുന്നു. 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സെടുത്താണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സും അദ്ദേഹം നേടി.

ഒരേയൊരു ടി20 മത്സരത്തില്‍ നിന്ന് 10 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഐസിസി ഹാള്‍ ഓഫ് ഫെയിം അംഗമായ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. അതുകൂടാതെ, ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും അദ്ദേഹമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികളുമായാണ് സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്, ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയില്ല. 52 വയസ്സുകാരനായ സച്ചിന്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായി പ്രവര്‍ത്തിക്കുന്നു. 2015 മുതല്‍ 2019 വരെ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ അംഗമായിരുന്നു.