Lifestyle

അഞ്ചര മിനിറ്റ് പരസ്യത്തിന് ചെലവ് 75 കോടി; അഭിനയിച്ചത് ഈ സൂപ്പര്‍സ്റ്റാര്‍, ബ്രാന്‍ഡ് ഏതെന്നറിയുമോ?

വെറും 5 മിനിറ്റ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ടെലിവിഷന്‍ പരസ്യത്തിന് ചെലവായ തുക കേട്ട് ഞെട്ടിപ്പോയോ? സംഭവം സത്യമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വാണിജ്യ പരസ്യം നിര്‍മ്മിച്ചത് അക്കാലത്ത് ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന് അനുയോജ്യമായ ബജറ്റിലായിരുന്നു.വിലകൂടിയ കാറോ, ആഭരണങ്ങളോ, പ്രീമിയം വസ്ത്രങ്ങളോ റിയല്‍ എസ്റ്റേറ്റോ ഒന്നുമല്ലായിരുന്നു ഉല്‍പ്പന്നം. നെസ്ലെയുടെ മാഗി പോലുള്ള കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരു എഫ്എംസിജി ബ്രാന്‍ഡിന് വേണ്ടിയായിരുന്നു ടിവി പരസ്യം. ‘ചിങ്‌സ് നൂഡില്‍സ്’ എന്ന ബ്രാന്‍ഡിന് വേണ്ടിയുള്ള ഈ പരസ്യത്തില്‍ അഭിനയിച്ചത് രണ്‍വീര്‍ സിംഗായിരുന്നു. ഒരു ആക്ഷന്‍ സിനിമയുടെ മൂഡിലുള്ള പരസ്യം ചെയ്തതാകട്ടെ ബോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍മാരില്‍ ഒരാളായ രോഹിത് ഷെട്ടിയും. അടുത്ത കാലത്തായി ബോളിവുഡ് ആക്ഷന്‍ സീക്വന്‍സുകളില്‍ വിപ്ലവം സൃഷ്ടിച്ച സംവിധായകന്‍ പരസ്യചിത്രം സംവിധാനം ചെയ്തത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഫിലിം സ്റ്റുഡിയോയായ യാഷ് രാജ് ഫിലിംസിലായിരുന്നു. അത്യാധുനിക വിഎഫ്എക്‌സ് ഉപയോഗിച്ചതാണ് ചെലവ് ഉയര്‍ത്തിവിട്ടത്. ‘രണ്‍വീര്‍ ചിങ് റിട്ടേണ്‍സ്’ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘മൈ നെയിം ഈസ് രണ്‍വീര്‍ ചിംഗ്’ എന്ന പരസ്യം 2016 ഓഗസ്റ്റ് 28 ന് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. യൂട്യൂബില്‍ രണ്ട് ദിവസം കൊണ്ട് 20 ലക്ഷം വ്യൂസാണ് പരസ്യം നേടിയത്. സംഗതിയും നന്നായി ഏറ്റു. വില്‍പ്പന 150 ശതമാനമായിട്ടാണ് കൂടിയത്.