യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു.
പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും ഭർത്താവുമല്ലെന്നും ഇരുവരും യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സാണെന്നുമായിരുന്നു മാധ്യമപ്രവർത്തകന്റെ കണ്ടെത്തൽ.
യുട്യൂബ് കൊമേഡിയനായ ദീപക് പട്ടേലും യുട്യൂബറായ അമൃതയുമാണ് വീഡിയോയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിരിക്കുന്നതെന്നും തമാശയ്ക്കായി ഒരുക്കിയ വീഡിയോയാണ് തരംഗമായതെന്നും മാധ്യമ പ്രവർത്തകൻ വിശദീകരിക്കുന്നു. വീഡിയോ കേവലം വിനോദത്തിനായി മാത്രം നിർമിച്ച സ്ക്രിപ്റ്റഡായ ഒന്നാണ്. പക്ഷേ അവരുടെ അഭിനയംകണ്ട പലരും വീഡിയോയിലുള്ളത് യഥാർഥ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വീഡിയോയിൽ പരസ്പരം കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാരായാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്. ഭർത്താവ് ട്രക്കിന്റെ ഉടമയാണെന്നാണ് താൻ കരുതിയിരുന്നതെന്നും ട്രക്കിന്റെ ഡ്രൈവറാണെന്ന് അറിഞ്ഞില്ലെന്നും ഭാര്യ പരാതി പറയുന്നിടത്താണ് വീഡിയോയിലെ തുടക്കം. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഭർത്താവിനെ കാണാൻ സാധിക്കുന്നുള്ളൂവെന്നും അവർ പരാതി പറയുന്നുണ്ട്. വേറെ കാമുകിയുള്ളതുകൊണ്ടായിരിക്കും തന്നെ കാണാൻ വല്ലപ്പോഴും വരുന്നതെന്നും അവർ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്.
രണ്ട് ദിവസത്തിനകം മടങ്ങാമെന്നു പറഞ്ഞു യാത്ര പോകുന്നയാൾ നാലാം ദിവസമാണ് മടങ്ങിവരുന്നതെന്നും കാമുകിയെ കാണാൻ പോകുന്നതുകൊണ്ടാണതെന്നും അവർ പറയുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നിന്നെ കാണാൻ അവസരം ലഭിക്കുന്ന എനിക്കെങ്ങനെയാണ് മറ്റൊരു പെണ്ണിനെ കാണാൻ പോകാൻ സമയം ലഭിക്കുക എന്നാണ് ഭർത്താവിന്റെ മറു ചോദ്യം. പക്ഷേ അയാളുടെ വിശദീകരണമൊന്നും ഭാര്യയെ തൃപ്തിപ്പെടുത്തുന്നില്ല. അവൾ തന്റെ സംശയത്തിൽ ഉറച്ചു നിൽക്കുന്നതായാണ് വീഡിയോയിലുള്ളത്. ഇരുവരുടെയും സ്വാഭാവിക അഭിനയമായതുകൊണ്ട് അവർ ശരിക്കും ഭാര്യാഭർത്താക്കന്മാരല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.




