ഒരു യുവാവ് ഗർഭനിരോധന ഗുളിക വാങ്ങാനായി ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസിയിൽ പോയി. ഗർഭനിരോധന ഗുളിക വാങ്ങുന്നതിനായി 15.8 യുവാൻ (ഏകദേശം 200 രൂപ)യായിരുന്നു ഫാർമസിയിൽ നൽകേണ്ടിയിരുന്നത്. അവിടെ നടത്തിയ ഓൺലൈൻ പെയ്മെന്റ് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത് എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെ, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി യുവാവിന്റെ മെമ്പർഷിപ്പ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. എന്നാൽ, അബദ്ധവശാൽ ഈ കോൾ പോയത് യുവാവിന്റെ ഭാര്യയുടെ ഫോണിലേക്കാണ്. ഫാർമസിയിൽ നിന്നും വാങ്ങിയത് എന്താണെന്ന് ഭാര്യ ചോദിച്ചപ്പോൾ, ഗർഭനിരോധന ഗുളികയാണെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ മനസ്സിലാക്കി, ഇത് അവരുടെ കുടുംബബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി.
ഈ സംഭവത്തെത്തുടർന്ന് തൻ്റെ കുടുംബം തകരാൻ കാരണം ഫാർമസിയാണെന്ന് ആരോപിച്ച് യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു.
എന്നാൽ, ഹെനാൻ സെജിൻ ലോ ഫേം ഡയറക്ടറായ ഫു ജിയാൻ എലഫന്റ് ന്യൂസിനോട് പറഞ്ഞതനുസരിച്ച്, യുവാവിന് നിയമപരമായി മുന്നോട്ട് പോകാൻ ശ്രമിക്കാമെങ്കിലും അനുകൂല വിധി ലഭിക്കാൻ സാധ്യത കുറവാണ്. കാരണം, ഈ പ്രശ്നത്തിന്റെ പ്രധാന കാരണം യുവാവിൻ്റെ അവിഹിത ബന്ധമാണ്. ഫാർമസി ജീവനക്കാർ സ്വകാര്യത ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




