തനിച്ച് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനശ്രമം ഉണ്ടായെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പുറക്കാട് സ്വദേശിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മോഷണശ്രമമായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് വിലയിരുത്തുന്നത്. പണവും സ്വര്‍ണവും നഷ്‌ടപ്പെട്ടില്ല. ഇതാണ് മോഷണമല്ലെന്ന് കരുതുന്നത്.
എന്നാല്‍ ഇര ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബൈര്‍ സെല്ലിന്റെ സഹായം തേടി. അപ്രതീക്ഷിതമായ കടന്നാക്രമണത്തില്‍ മരണം സംഭവിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രതി കരുതികൂട്ടി അകത്ത് പ്രവേശിച്ചതാണെന്ന സൂചനയുമുണ്ട്.
അടുക്കളവാതിലിന് ഉറപ്പില്ലെന്ന് അറിയാവുന്നവരാകാം അകത്ത് പ്രവേശിച്ചിട്ടുള്ളത്. മരണം ഉറപ്പായതിനുശേഷം മുളകുപൊടി വിതറിയതുമാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. അമ്പലപ്പുഴ ഡിവൈ.എസ്.പി: കെ.എന്‍.രാജേഷിന്റെ നേതൃത്വത്തിലുള്ള 15 അംഗമാണ് അന്വേഷണം നടത്തുന്നത്. ജില്ല പോലീസ് മേധാവി മോഹനചന്ദ്രന്‍ അമ്പലപ്പുഴ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അന്വേഷണപുരോഗതി വിലയിരുത്തി.




