ദിവസവും 10,000 ചുവടുകൾ നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ നടക്കുന്നത് ഡിമെൻഷ്യ, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും മാനസികാരോഗ്യത്തിന് ഗുണകരമാണെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.
ദിവസവും 10,000 ചുവടുകൾ നടക്കാൻ 5 വഴികൾ
നമ്മുടെ തിരക്കേറിയ ജീവിതത്തിൽ ദിവസവും 10,000 ചുവടുകൾ നടക്കുക എന്നത് പ്രയാസമായി തോന്നിയേക്കാം. എന്നാൽ ഇത് എളുപ്പമാക്കാൻ ചില വഴികളുണ്ട്. ഓഗസ്റ്റ് 18-ന് ഇൻസ്റ്റാഗ്രാമിൽ ഫിറ്റ്നസ് കോച്ചായ രാജ് ഗൺപത് ഈ ലക്ഷ്യം പൂർത്തിയാക്കാൻ സഹായിക്കുന്ന 5 വഴികൾ പങ്കുവെച്ചു.
നിങ്ങൾ ഇപ്പോൾ ഉള്ള നിലയിൽനിന്ന് ആരംഭിക്കുക
നിങ്ങൾ ദിവസവും ശരാശരി 4,000 ചുവടുകളാണ് നടക്കുന്നതെങ്കിൽ, അത് ഒറ്റയടിക്ക് 10,000 ആക്കാൻ ശ്രമിക്കരുതെന്ന് ഫിറ്റ്നസ് കോച്ച് ഉപദേശിച്ചു. “അത് നിങ്ങളുടെ ശരീരത്തിന് താങ്ങാൻ കഴിയില്ല. അതിനായി നിങ്ങൾക്ക് സമയം കിട്ടിയെന്നും വരില്ല. സാവധാനം മുന്നോട്ട് പോകുക. നിങ്ങൾ ഇപ്പോൾ നടക്കുന്ന ദൂരത്തിൽ നിന്ന് തുടങ്ങി ഓരോ ആഴ്ചയും 10 മുതൽ 20 ശതമാനം വരെ ചുവടുകളുടെ എണ്ണം വർദ്ധിപ്പിക്കുക. അങ്ങനെ 4,000-ത്തിൽ നിന്ന് 4,500-ലേക്കും പിന്നെ 5,000-ലേക്കും 6,000-ലേക്കും ക്രമേണ വർദ്ധിപ്പിക്കുക. ഏകദേശം ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ നിങ്ങൾ 10,000 ചുവടുകളെന്ന ലക്ഷ്യത്തിൽ സുഖകരമായി എത്തിച്ചേരും,” അദ്ദേഹം പറഞ്ഞു.
നടക്കുന്നതിനുള്ള സമയം കണ്ടെത്തുക
നിങ്ങളുടെ ദിവസത്തിൽ ചെറിയ നടത്തത്തിനായി എപ്പോൾ സമയം കണ്ടെത്താൻ കഴിയുമെന്ന് തിരിച്ചറിയുക എന്നതാണ് ഇതിനർത്ഥം. ഒരുമിച്ച് രണ്ട് മണിക്കൂർ നടന്ന് 10,000 ചുവടുകൾ പൂർത്തിയാക്കാൻ ആർക്കും കഴിയില്ല. നിങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് ഇത് ചെയ്യാൻ കഴിഞ്ഞാലും, തിരക്കുള്ള ജീവിതത്തിൽ സ്ഥിരമായി ചെയ്യാൻ കഴിയില്ല. പകരം, ചെറിയ നടത്തത്തിനായി എപ്പോഴൊക്കെ സമയം കണ്ടെത്താൻ കഴിയുമെന്ന് ചിന്തിക്കുക. ഉച്ചഭക്ഷണത്തിന് മുൻപോ ശേഷമോ, രാവിലെ കൂടുതലായിട്ടോ, വൈകുന്നേരമോ നടക്കുക. ഈ ചെറിയ സമയങ്ങൾ കണ്ടെത്തി അവ ഉപയോഗപ്പെടുത്തുക.
മൾട്ടിടാസ്ക് (ഒരേ സമയം പല കാര്യങ്ങൾ ചെയ്യുക)
നടക്കുന്നതിനിടയിൽ നിങ്ങൾക്ക് മറ്റെന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുക . ഒരു സുഹൃത്തുമായി സംസാരിക്കുക, ഫോൺ കോളുകൾ ചെയ്യുക, പോഡ്കാസ്റ്റ് കേൾക്കുക, വളർത്ത് നായയെ നടത്താൻ കൊണ്ടു പോകുക, കടയിൽ പോകുക, സംഗീതം കേൾക്കുക എന്നിവയൊക്കെ ചെയ്യാം. “നിങ്ങളുടെ നടത്തത്തോടൊപ്പം മറ്റ് കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ മിക്കവാറും ഇത് സ്ഥിരമായി ചെയ്യും,” അദ്ദേഹം എഴുതി.
നിബന്ധനകൾ വെക്കാതിരിക്കുക
നടക്കാൻ പോകുമ്പോൾ എപ്പോള്‍ പോകുമെന്നോ എവിടെ പോകുമെന്നോ നിർബന്ധം പിടിക്കരുത്. എവിടെയും എപ്പോഴും നടക്കുക. “കാലാവസ്ഥ നല്ലതായിരിക്കണമെന്നോ നിങ്ങളുടെ കാഴ്ച മനോഹരമായിരിക്കണമെന്നോ നിർബന്ധമില്ല. പുറത്ത് നടക്കാൻ കഴിയുന്നില്ലെങ്കിൽ വീടിനകത്ത് നടക്കുക. വലിയ സ്ഥലം ഇല്ലെങ്കിൽ വട്ടത്തിൽ നടക്കുക. പുറത്ത് ചൂടാണോ? സാരമില്ല, അതിനെ സഹിക്കുക. തണുപ്പാണോ? അതും സാരമില്ല, അതിനെ സഹിക്കുക. റോഡിൽ തിരക്കാണോ? സാരമില്ല, ചെറിയ നടത്തത്തിന് പോകുക. ഏത് വിധത്തിലാണെങ്കിലും നടക്കാനുള്ള വഴി കണ്ടെത്തുക. ഒരു കാരണവശാലും നിർബന്ധങ്ങൾ വെക്കാതിരിക്കുക,” അദ്ദേഹം നിർദ്ദേശിച്ചു.
മുൻഗണന നൽകുക, എന്നാൽ അമിതമായി ചിന്തിക്കാതിരിക്കുക
ഏറ്റവും അവസാനമായി, എല്ലാ ദിവസവും എല്ലാം തികഞ്ഞതായിരിക്കണം എന്ന് നിർബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില ദിവസങ്ങളിൽ കൂടുതൽ നടക്കും; ചില ദിവസങ്ങളിൽ കുറവ് നടക്കും. അത് സാരമില്ല. ദിവസേന നിങ്ങൾ നടക്കുന്ന ചുവടുകളുടെ എണ്ണം ക്രമേണ വർദ്ധിക്കുകയും നടത്തം നിങ്ങളുടെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.




