രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ 42-കാരന് രാമായണത്തിലെ കഥാപാത്രമായ “കുംഭകർണ്ണൻ” എന്ന വിളിപ്പേര് ലഭിച്ചു. അതിശയിക്കേണ്ട, തുടർച്ചയായി ആറ് മാസത്തോളം ഉറങ്ങുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, പുർഖാറാം എന്ന ഈ വ്യക്തിക്ക് ആക്സിസ് ഹൈപ്പർസോംനിയ എന്ന അപൂർവ രോഗാവസ്ഥയാണ്. സാധാരണ ആളുകൾ ഒരു ദിവസം 7-8 മണിക്കൂർ ഉറങ്ങുമ്പോൾ പുർഖാറാം തുടർച്ചയായി 20-25 ദിവസം വരെ ഉറങ്ങും.
എന്താണ് ആക്സിസ് ഹൈപ്പർസോംനിയ?
മെഡിക്കൽ പഠനങ്ങൾ അനുസരിച്ച്, തലച്ചോറിലെ ടിഎൻഎഫ്-ആൽഫ എന്ന പ്രോട്ടീന്റെ വ്യതിയാനം മൂലമാണ് ആക്സിസ് ഹൈപ്പർസോംനിയ ഉണ്ടാകുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 23 വർഷം മുൻപാണ് പുർഖാറാമിന് ഈ രോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ അദ്ദേഹത്തിന്റെ ജീവിതശൈലിയെ ഇത് വളരെയധികം ബാധിച്ചിട്ടുണ്ട്. ഉറങ്ങാൻ തുടങ്ങിയാൽ പിന്നെ അദ്ദേഹത്തെ ഉണർത്താൻ വളരെ പ്രയാസമാണ്.
ഉറക്കത്തിൽ അദ്ദേഹത്തെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയുമടക്കം എല്ലാ കാര്യങ്ങളും ചെയ്യുന്നത് വീട്ടുകാരാണ്. ഗ്രാമത്തിൽ ഒരു ചെറിയ പലചരക്ക് കട നടത്തുകയാണ് പുർഖാറാം. രോഗം കാരണം മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് അദ്ദേഹം കട നടത്തുന്നത്. ആദ്യകാലങ്ങളിൽ ഒരു ദിവസം 15 മണിക്കൂറാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.
പിന്നീട് അദ്ദേഹത്തിന്റെ ഉറക്കത്തിന്റെ സമയം വർദ്ധിച്ചതിനാൽ പ്രശ്നം കൂടുതൽ വഷളായി. വീട്ടുകാർ വൈദ്യസഹായം തേടിയെങ്കിലും രോഗം ഭേദമാക്കാൻ സാധിച്ചില്ല. അമിതമായി ഉറങ്ങുന്നതിനാൽ തനിക്ക് മിക്കപ്പോഴും ക്ഷീണവും തലവേദനയും അനുഭവപ്പെടാറുണ്ടെന്ന് പുർഖാറാം പറയുന്നു.




