Fitness

അരുണാചലിലെ ഹിലാംഗ് യാജിക്; ഇന്ത്യയിലെ പെണ്‍ ബോഡി ബില്‍ഡിംഗിന്റെ പുതിയ മുഖം

പെണ്‍കുട്ടികള്‍ ഫാഷണബിള്‍ ആയിരിക്കാനും പ്രണയിക്കാനും സൗഹാര്‍ദ്ദം പങ്കുവെയ്ക്കുവാനുമൊക്കെ സമയം ചെലവഴിക്കുന്ന പ്രായത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 25 കാരിയായ ഹിലാംഗ് യാജിക്ക്. 2025ലെ 15-ാമത് സൗത്ത് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടി വേറിട്ട വഴിയിലാണ് ഇവരുടെ സഞ്ചാരം.

ജൂണ്‍ 11 മുതല്‍ 15 വരെ ഭൂട്ടാനിലെ തിമ്പുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു പ്രകടനം. കഴിഞ്ഞ വര്‍ഷം 56-ാമത് ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 25-കാരി ശ്രദ്ധനേടിയത്. തുടര്‍ന്ന് വേള്‍ഡ് ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ പങ്കെടുത്തു.

അരുണാചല്‍ പ്രദേശിലെ കുറുങ് കുമേയില്‍ ജനിച്ച യാജിക്ക്, എറണാകുളത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷനും ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരളയും നടത്തിയ സെലക്ഷന്‍ ട്രയലിന് വിധേയനായിരുന്നു. സെലക്ഷന്‍ ട്രയല്‍ ക്ലിയര്‍ ചെയ്ത ശേഷം, അവള്‍ ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും ലോക ബോഡിബില്‍ഡിംഗ്, ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇടം നേടി. ”പെണ്‍ ബോഡി ബില്‍ഡിംഗ് ജനപ്രിയമല്ലാത്തതിനാല്‍ ഈ മെഡലുകള്‍ എന്റെ സംസ്ഥാനത്തിന് വളരെ പ്രധാനമാണ്. ഏഷ്യന്‍, ലോക ചാമ്പ്യന്‍ഷിപ്പാണ് എന്റെ അടുത്ത ലക്ഷ്യം. രാജ്യത്തിനായി മെഡല്‍ നേടണം.” ഹിലാംഗ് പറഞ്ഞു.

തനിക്ക് പോലീസ് ഓഫീസറാകണമെന്നാണ് യാജികിന്റെ ആഗ്രഹം. ബോഡിബില്‍ഡിംഗ് തുടക്കത്തില്‍ വലിയ താല്‍പ്പര്യത്തോടെ ആയിരുന്നില്ല സമീപിച്ചിരുന്നതെന്നും പിന്നീട് പ്രചോദനമാകുകയും ഒടുവില്‍ കായികരംഗത്തെ ഗൗരവമായി എടുക്കുകയുമായിരുന്നെന്ന് അവര്‍ പറഞ്ഞു. പൊതുവേ ഇന്ത്യാക്കാര്‍ മസിലുകളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നില്ല. പോലീസ് ഓഫീസറായി ബോഡി ബില്‍ഡിംഗ് പിന്തുടരണമെന്ന് ഇവര്‍ പറയുന്നു.