Sports

ഒരോവറില്‍ നാലു വിക്കറ്റ്, മുഹമ്മദ് സിറാജിന്റെ ആറാട്ട് ; ലങ്കന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ഒരു ഫൈനല്‍ പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ ആരാധകര്‍ കൊളംബോയില്‍ എത്തിയത്. പക്ഷേ കണ്ടത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ ആറാട്ട്. ഏഷ്യാകപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് നടത്തിയ മികച്ച പ്രകടനത്തില്‍ ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ വിവരം.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സിറാജിന് ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിച്ചപ്പോള്‍ 7 ഓവറില്‍ 21 റണ്‍സിന് 6 വിക്കറ്റ് നേടി. തന്റെ ആദ്യ അഞ്ച് വിക്കറ്റുകള്‍ക്ക് 16 പന്തുകള്‍ മാത്രമാണ് അദ്ദേഹം എടുത്തത്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റുകളുടെ കാര്യത്തില്‍ ശ്രീലങ്കയുടെ ചാമിന്ദ വാസിനും യു.എസ്.എയുടെ അലി ഖാനും ഒപ്പമായി മുഹമ്മദ് സിറാജിന്റെ സ്ഥാനം.

ഒരു മെയ്ഡന്‍ ഓവറില്‍ തുടങ്ങിയ സിറാജ് ഓപ്പണര്‍ നിസാങ്കയില്‍ നിന്നാണ് തുടങ്ങിയത്. ഒരു ലെങ്ത് ഡെലിവറി ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് തള്ളിയ നിസ്സാങ്കയ്ക്ക് പിഴച്ചു. രവീന്ദ്ര ജഡേജ വലതുവശത്തേക്ക് താഴ്ന്ന് ഡൈവ് ചെയ്ത് രണ്ട് കൈകള്‍ കൊണ്ടും പന്തു പിടിച്ചു. രണ്ട് പന്തുകള്‍ക്ക് ശേഷം, സിറാജ് സദീര സമരവിക്രമയെ എല്‍ബിഡബ്ല്യു കുടുക്കി. തൊട്ടുപിന്നാലെ ചരിത് അസലങ്ക ഒന്ന് ചിപ്പ് ചെയ്തു ഇഷാന്‍ കിഷന്റെ കയ്യിലെത്തി. ധനഞ്ജയ ഡി സില്‍വ ഹാട്രിക് ബോള്‍ അതിജീവിച്ചു.

ധനഞ്ജയ അധികനാള്‍ നീണ്ടുനിന്നില്ല; അടുത്ത പന്തില്‍ സിറാജ് രാഹുലിന് ക്യാച്ച് നല്‍കി. അങ്ങനെ വാസ്, മുഹമ്മദ് സമി, ആദില്‍ റഷീദ് എന്നിവര്‍ക്ക് ശേഷം ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറായി സിറാജ് മാറി. തന്റെ അടുത്ത ഓവറില്‍ ദസുന്‍ ഷനകയുടെ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞ് സിറാജ് തന്റെ കന്നി ഏകദിന അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 12 ാം ഓവറില്‍ കുസാല്‍ മെന്‍ഡിസിന്‍െ മിഡില്‍ സ്റ്റംപ് കൂടി പറപ്പിച്ചപ്പോള്‍ സിറാജിന്റെ നേട്ടം ആറു വിക്കറ്റായി.