Sports

10,000 റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല കോഹ്ലി ചെയ്ത ആ മോശംകാര്യവും ചെയ്ത് രോഹിത് ശര്‍മ്മ

ന്യൂഡല്‍ഹി: ഏഷ്യാക്കപ്പിനിടയിലാണ് മൂന്‍ നായകന്‍ വിരാട് കോഹ്ലി കടന്ന 10,000 ക്ലബ്ബിലേക്ക് നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും കടന്നത്. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോം കാണിക്കുന്ന രോഹിത് ശര്‍മ്മ പക്ഷേ ക്രിക്കറ്റിലെ ഒഴിവാക്കേണ്ട ഒരു കാര്യത്തിലും വിരാട് കോഹ്ലിയെ പിന്തുടര്‍ന്നു. അക്കൗണ്ട് തുറക്കാതെ പുറത്താകുന്ന കാര്യത്തിലാണ് രോഹിത് കോഹ്ലിക്കൊപ്പം എത്തിയത്.

രോഹിത് ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഡക്കിന് പുറത്തായി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ളാദേശിന്റെ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അരങ്ങേറ്റ പേസര്‍ തന്‍സിം ഹസന്‍ സാക്കിബിന്റെ പന്തില്‍ പുറത്തായി. കവര്‍ പോയിന്റ് റീജിയണില്‍ അനമുല്‍ ഹക്കിന്റെ കയ്യില്‍ എത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സ് ഏകദിനത്തില്‍ ഡക്കില്‍ പുറത്തായതിന് ശേഷം ഇതാദ്യമായാണ് രോഹിത് ഡക്കില്‍ പുറത്താകുന്നത്.

ഇതോടെ പൂജ്യത്തിന് പുറത്താകുന്ന കാര്യത്തില്‍ ഇന്ത്യയുടെ നായകന്‍ മൂന്‍ നായകനൊപ്പമായി. കോഹ്ലി 15 തവണയാണ് പൂജ്യത്തിന് പുറത്തായിരിക്കുന്നത്. അതേസമയം ഏകദിന കരിയറില്‍ 20 തവണ ഡക്കില്‍ പുറത്തായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ജവഗല്‍ ശ്രീനാഥും (19) അനില്‍ കുംബ്ലെയും (18) പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍.

നായകനായി രണ്ടാം തവണയാണ് ഏകദിനത്തില്‍ രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. നായകനെന്ന നിലയില്‍ രോഹിത് ഏകദിനത്തില്‍ രണ്ട് തവണ പുറത്തായ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിനൊപ്പവുമായി. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ മൂന്ന് തവണ പുറത്തായ കോഹ്ലിയാണ നായകന്മാരിടെ ഡക്കുകാരില്‍ ഒന്നാമന്‍. തൊട്ടുപിന്നില്‍ ഹിറ്റ്മാന്‍ നില്‍ക്കുന്നു. ഒമ്പത് തവണ പൂജ്യത്തിന് പുറത്തായ സൗരവ് ഗാംഗുലിയാണ് പൂജ്യത്തിന് പുറത്താകുന്ന നായകന്മാരുടെ അനാവശ്യ പട്ടികയില്‍ ഒന്നാമത്.