Featured Lifestyle

ചൈനാക്കാര്‍ക്ക് പണി കിട്ടി… പെണ്ണ് കെട്ടണമെങ്കില്‍ പാകിസ്താനിലോ ബംഗ്‌ളാദേശിലോ പോകണം…!

ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരുകുട്ടി നയം വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന ചൈനയ്ക്ക് പുരുഷന്മാര്‍ കൂടുതലായ നാട്ടില്‍ വധുക്കളെ കണ്ടെത്താന്‍ ദരിദ്രരാജ്യങ്ങളൊയ പാകിസ്താനേയും ബംഗ്‌ളാദേശിനെയും ടിബറ്റിനെയും ഭൂട്ടാനെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം വിവാഹങ്ങളെ ഒരു മിശ്രസംസ്‌ക്കാരമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ കഴിയുമെങ്കിലും ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തിവിട്ടിരിക്കുകയാണ്.

ജനസംഖ്യയില്‍ ഒന്നാമത് നിന്ന ചൈന ആ ആക്ഷേപം മറികടക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു കുട്ടി നയം ലിംഗ നിര്‍ണ്ണയത്തിലേക്കും പെണ്‍ഭ്രൂണം നശിപ്പിക്കുന്നതും വ്യാപകമായതോടെ സ്ത്രീപുരുഷ അനുപാതം കുറഞ്ഞതാണ് ചൈനയുടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിവാഹപ്രായത്തിലുള്ള സ്ത്രീകളുടെ ഗണ്യമായ കുറവിന് ഇത് കാരണമായി.

1979 മുതല്‍ 2015 വരെ നിലനിന്നിരുന്ന ഈ നയം, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആണ്‍മക്കള്‍ക്കുള്ള മുന്‍ഗണനയിലേക്ക് നയിച്ചു. ഇപ്പോള്‍, 35 ദശലക്ഷത്തിലധികം ചൈനീസ് പുരുഷന്മാരാണ് നാട്ടുകാരായ പങ്കാളികളെ കിട്ടാതെ വിഷമിക്കുന്നത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. ഈ പ്രശ്‌നം പരിഹരിക്കാനാണ് അയല്‍രാജ്യത്തേക്ക് തിരിഞ്ഞിരിക്കുന്നത്.

ഭാര്യമാരെ കണ്ടെത്താന്‍ നിരാശരായ പല ചൈനീസ് പുരുഷന്മാരും വിദേശത്ത്, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍ വധുക്കളെ കണ്ടെത്താന്‍ വെബ്സൈറ്റുകളിലേക്കും മാച്ച് മേക്കിംഗ് സേവനങ്ങളിലേക്കും തിരിയുന്നു. ചിലര്‍ വലിയ തുക നല്‍കി ഈ വിവാഹങ്ങള്‍ നടത്തുന്നു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉദ്ധരിച്ച് സിയാമെന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡിംഗ് ചാങ്ഫ പറയുന്നതനുസരിച്ച്, ചൈനയിലെ ഗ്രാമീണ മേഖലയില്‍, ഞങ്ങള്‍ക്ക് ഏകദേശം 34.9 ദശലക്ഷം ‘അവശേഷിച്ച പുരുഷന്മാര്‍’ പാര്‍പ്പിടം, കാറുകള്‍, വധുവില എന്നിവയുടെ വിവാഹ സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുകയാണ്. ഫലമായി താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പലപ്പോഴും യഥാര്‍ത്ഥ വിവാഹവും മെച്ചപ്പെട്ട ജീവിതവും വാഗ്ദാനം ചെയ്തുകൊണ്ട് ആകര്‍ഷിക്കപ്പെടുന്നു.

അതേസമയം ഇതിന് പിന്നില്‍ നടക്കുന്ന മനുഷ്യക്കടത്താണ് വലിയൊരു പ്രശ്‌നമായി മാറുന്നത്. ദരിദ്രരാജ്യങ്ങളില്‍ നിന്നും വ്യാപകമായി വധുക്കള്‍ ക്രിമിനല്‍ സംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നു. ഇതിനായി നിയമവിരുദ്ധമായ മാച്ച് മേക്കിംഗ് ഏജന്‍സികളും വെബ്‌സൈറ്റുകളും ഉപയോഗിക്കേണ്ടി വരുന്നു. ഈ സാഹചര്യം കൂടിയതോടെ പാകിസ്താനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നും ‘ഒരു വിദേശ ഭാര്യയെ വാങ്ങുന്നതിനെതിരെ രണ്ടു രാജ്യങ്ങളിലെയും എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നിയമപരമായ മറ്റു പ്രശ്‌നങ്ങളുമുണ്ട്. ചൈനീസ് പൗരന്മാര്‍ക്ക് പാകിസ്ഥാനില്‍ എത്തിച്ചേരുമ്പോള്‍ എളുപ്പത്തില്‍ വിസ ലഭിക്കും, അതേസമയം പാകിസ്ഥാനികള്‍ ചൈനയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനമായ വിസ നടപടിക്രമങ്ങള്‍ നേരിടുന്നു, ഇത് കടത്തുകാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എളുപ്പമാക്കുന്നു. മറ്റൊരു കുഴപ്പം ഭാഷ, സംസ്‌കാരം, നിയമപരിരക്ഷയുടെ അഭാവം എന്നിവയാല്‍ ഇരകള്‍ ഒറ്റപ്പെടുന്നു.

അനധികൃത വിവാഹ കേന്ദ്രങ്ങള്‍ കുടുംബങ്ങളെ പറ്റിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിവാഹിതരാകുന്ന പല സ്ത്രീകളും വേശ്യാവൃത്തിയിലോ നിയമവിരുദ്ധമായ അവയവവ്യാപാരത്തിലോ നിര്‍ബന്ധിതരാകുന്നു. ചെറുക്കനെ അനുയോജ്യനാക്കി കാണിക്കാന്‍ അനധികൃത ഏജന്റുമാര്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചു കൊണ്ടുവന്നുള്ള വിവാഹത്തട്ടിപ്പുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.