നിത്യേന നടന്നിട്ടും പ്രയോജനമില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ പരാതി പറയുന്നതിന് മുന്‍പ് നടക്കുന്ന രീതി ശരിയാണോയെന്ന് ആദ്യം ശ്രദ്ധിക്കണം. വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല. അതിന് ചില കാര്യങ്ങള്‍ അറിയണം.
വ്യായാമങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ ഏറെ ഉപകാരപ്രദവുമായ ഒന്നാണ് നടത്തം. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രത്യേകതയും ഇതിനുണ്ട്.
നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും മറ്റ് വ്യായാമങ്ങളെപ്പോലെ വാംഅപ് ആവശ്യമാണ്. വാംഅപ്പ് ചെയ്യാതെ നടത്തം തുടങ്ങരുത്.
കൈകാലുകള്‍ ഇരുവശങ്ങളിലേക്ക് ചലിപ്പിച്ചതിന് ശേഷം മാത്രം നടത്തം ആരംഭിക്കുക. വ്യായാമത്തിന് പോകുമ്പോള്‍ ധരിക്കുന്ന വേഷത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കരുത്.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് കൂടുതല്‍ സൗകര്യപ്രദം. ട്രാക്പാന്റ് പോലുള്ള വസ്ത്രങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ തെരഞ്ഞെടുക്കാം. നടക്കുമ്പോള്‍ സ്‌പോട്‌സ് ഷൂസാണ് ഏറ്റവും നല്ലത്. ഹീലുള്ള ചെരുപ്പുകളോ സ്ലിപ്പറുകളോ നടക്കാന്‍ തെരഞ്ഞെടുക്കരുത്.
കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തി ആദ്യം സാവധാനം നടന്നു തുടങ്ങുക. പിന്നീട് വേഗത കൂട്ടിത്തുടങ്ങാം. എന്നാല്‍ അമിതമായി കിതയ്ക്കുന്ന രീതിയില്‍ നടക്കുകയുമരുത്.
ശരീരത്തിനും ഹൃദയത്തിനും താങ്ങാന്‍ ശേഷിയുള്ള രീതിയില്‍ നടക്കുക. കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്യരുതെന്നര്‍ത്ഥം. നടത്തം അവസാനിക്കുമ്പോഴേക്കും നടക്കുന്നതിന്റെ സ്പീഡ് കുറച്ചുകൊണ്ടുവരിക. ഒരിക്കലും വേഗത്തില്‍ നടക്കരുത്.
ദിവസവും അരമണിക്കൂറെങ്കിലും നടക്കണം. ഒരു മണിക്കൂറിലധികം നടക്കുകയും വേണ്ട. നടക്കുന്നത് ഏത് പ്രായക്കാര്‍ക്കും അനുയോജ്യമാണ്.
മോണിംഗ് വാക്കിന് ഗുണങ്ങളേറെ
വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക്. ശരീരത്തിനും, മനസിനും ഒരുപോലെ ഉന്മേഷം നല്‍കാന്‍ മോണിംഗ് വാക്കിംഗിന് കഴിയും. നിങ്ങളറിയാത്ത പല ഗുണങ്ങളും മോണിംഗ് വാക്കിനുണ്ട്. ശരീരത്തിന്റെ തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും കഴിയും.
രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും, കൊഴുപ്പൊഴിവാക്കാം. രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴാന്‍ സഹായിക്കുന്നതോടൊപ്പം പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കാനുള്ള നല്ല വഴിയാണ് രാവിലെയുള്ള നടത്തം.
ഇത് കാര്യങ്ങള്‍ ശാന്തമായി ചെയ്യുന്നതിനും ജോലിയിലെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ബി.പി. കുറയാനുള്ള നല്ലൊരു വഴികൂടിയാണിത്.
മസിലുകളുടെ ആരോഗ്യത്തിന് രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. ഇത് നിതംബം, കാലുകള്‍, തുടകള്‍ എന്നിവിടങ്ങളിലെ മസിലുകള്‍ക്ക് ഉറപ്പും ആകൃതിയും നല്‍കുന്നു.




