Oddly News

തെരുവിൽ സ്ത്രീക്ക് നേരെ ബിയർ എറിയുന്നതായി അഭിനയിച്ച യുവാവ്, വൈറലായ വീഡിയോയിൽ പ്രതിഷേധം

തെരുവിൽ യുവതിക്ക് നേരെ ബിയർ ബോട്ടിൽ പ്രാങ്ക് നടത്തിയ യുവാവിനെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. പ്രാങ്ക് ബസ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ തെരുവിൽ, ഒരു കോളേജിന് പുറത്തുവെച്ചാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ ഒരു ബിയർ മഗ്ഗ് പോലെ തോന്നിക്കുന്ന ഒന്ന് പിടിച്ചുകൊണ്ട് ഒരാൾ കോളേജിന് പുറത്തുനിൽക്കുന്നതാണ് കാണുന്നത്. ഈ സമയം നിരവധി ആളുകൾ അതുവഴി കടന്നുപോകുന്നത് കാണാം.

ഈ സമയം യുവാവ് ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് ചെന്ന് അവരുടെ കയ്യിൽ വെള്ളമുണ്ടോ എന്ന് ചോദിക്കുകയാണ്. തുടർന്ന് ഒരു സ്ത്രീ തന്റെ കുപ്പി പരിശോധിക്കുകയും വെള്ളം ഇല്ല എന്ന് മറുപടി നൽകുകയും ചെയ്യുന്നു. പെട്ടെന്ന്, യുവാവ് തന്റെ മഗ്ഗ് ഉയർത്തി യുവതിയുടെ ദേഹത്തേക്ക് ബിയർ എറിയാൻ പോകുന്നതുപോലെ ഒരു ആംഗ്യം കാണിക്കുകയാണ്.

എന്നാൽ മഗ്ഗ് സീൽ ചെയ്തതാണെന്നും അതിൽ ബിയർ ഇല്ലായിരുന്നു എന്ന കാര്യവും ആ സ്ത്രീ അറിഞ്ഞിരുന്നില്ല. യുവാവിന്റെ ആംഗ്യം കണ്ട് യുവതി പെട്ടെന്ന് ഞെട്ടുന്നതും “ഇത് തമാശയല്ല” എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവം കണ്ട് യുവതിയുടെ സമീപത്തുള്ള മറ്റ് സ്ത്രീകളും യുവാവിന്റെ അതിരൂക്ഷമായി വിമർശിക്കുന്നത് കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാം, എക്സ് റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിമാറി. സംഭവം ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഉപയോക്താക്കൾ ഈ തമാശയെ ധിക്കാരപരമായിരുന്നെന്ന് അപലപിക്കുകയും ഇത് ചിരിക്കാനുള്ള കാര്യമല്ലെന്ന് പറയുകയും ചെയ്തു.

സ്ത്രീകൾ പതിവായി തെരുവ് പീഡനം നേരിടുന്ന ഒരു രാജ്യത്ത് ഇത്തരം തമാശകൾ എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ചിലർ ഇതിനെ ആസിഡ് ആക്രമണങ്ങളുമായി താരതമ്യം ചെയ്തു, ഒരു സ്ത്രീക്ക് നേരെ ദ്രാവകം എറിയുന്നതായി നടിക്കുന്നത് യഥാർത്ഥ ഭയത്തിന് കാരണമാകുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

“ഈ രാജ്യത്തെ സ്ത്രീകൾ ഇതിനകം തന്നെ പീഡനവും ഭയവും അനുഭവിക്കുന്നുണ്ട്. ഇപ്പോൾ തമാശക്കാർ അത് തമാശയാക്കുകയാണോ?” എക്‌സിലെ ഒരു ഉപയോക്താവ് പറഞ്ഞു, “ഇതൊരു തമാശയല്ല. ഇത് പീഡനമാണ്’ മറ്റൊരാൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *