ബിസിനസ് രംഗത്തില്‍ ഉയര്‍ച്ച താഴ്ച്ചകൾ സ്വാഭാവികമാണ് . ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിയാം. എയര്‍സെല്ലിന്റെ സ്ഥാപകനായ ചിന്നക്കണ്ണന്‍ ഇതിന്റെ ഉദാഹരണമാണ്. 524 കോടിയുടെ ബംഗ്ലാവും ഒന്നിലധികം ദ്വീപുകളും സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ആസ്തി ഒരിക്കൽ 4 ബില്യൺ ഡോളറിലധികം ആയിരുന്നു എന്ന് കണക്കാക്കപ്പെട്ടിരുന്നു.
എന്നാല്‍ 2018ല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന നിലയിലെത്തി. രണ്‍വീര്‍ അല്ലാബാഡിയയുടെ ദി രണ്‍വീര്‍ ഷോ എന്ന പോഡ്കാസ്റ്റിലൂടെ താന്‍ നേരിട്ട നഷ്ടങ്ങളെ ക്കുറിച്ചാണ് ചിന്നക്കണ്ണന്‍ വെളിപ്പെടുത്തുന്നത്.
ചെന്നൈയിലെ സമാനതകളില്ലാത്ത ഒരു ബംഗ്ലാവിന് ഉടമയായിരുന്നു അദ്ദേഹം. 71 മുറികളുള്ള ആ ബംഗ്ലാവിന് വില 524 കോടിയാണ്. ബിസിനസില്‍ ഉയര്‍ന്ന് നിന്ന കാലത്തില്‍ അവിടെയാണ് കുടുംബത്തിനൊപ്പം അദ്ദേഹം താമസിച്ചത്. ബിസിനസ് തകര്‍ന്നപ്പോള്‍ ബംഗ്ലാവ് പൊളിച്ചു മാറ്റി.
ചെന്നൈയില്‍ 1.2 ലക്ഷം ചതുരശ്രയടിയുള്ള ബംഗ്ലാവ് വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ബിസിനസ് ലാഭത്തിലായിരുന്ന കാലത്ത് വന്‍നിക്ഷേപങ്ങള്‍ താന്‍ നടത്തിയിരുന്നുവെന്നും ചിന്നക്കണ്ണന്‍ വെളിപ്പെടുത്തി. പല ഭൂഖണ്ഡങ്ങളിലും വീടുകള്‍ വാങ്ങി. അമേരിക്കയിലും കാനഡയിലുമൊക്കെ വീടുകള്‍.
കലിഫോര്‍ണിയയിലെ ഫ്രമോണ്ടില്‍ 14 ഏക്കര്‍ വിസ്തൃതിയുള്ള വീടാണ് വാങ്ങിയത്. ഹെലിപ്പാഡ് വരെ ഇവിടെയുണ്ട്. കാനഡയിലെ വീടിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ ദ്വീപുകളും വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇവ രണ്ടും വില്‍ക്കുകയായിരുന്നു.
നിലവില്‍ സുപ്രീംകോടതിയുടെ പരിധിയിലുള്ള തന്റെ കേസിന്റെ വിധി വരുമ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന വിശ്വാസത്തിലാണ് ചിന്നക്കണ്ണന്‍. ചെന്നൈയിലെ ബംഗ്ലാവ് പൊളിച്ച് നീക്കിയെങ്കിലും പ്രോപ്പര്‍ട്ടിയുടെ പകുതി സ്ഥലം വാങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ട് ഏക്കര്‍ പ്ലോട്ടാണ് ഉള്ളത്. പ്രശ്‌നങ്ങളെല്ലാം വേഗം പരിഹരിക്കണമെന്ന് അദ്ദേഹം പോഡ്കാസ്റ്റില്‍ വിവരിച്ചു. നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.