Featured Myth and Reality

ഇവിടെ താമസിച്ചാല്‍ സൂപ്പര്‍താരങ്ങള്‍ പാപ്പരാകും; ബോളിവുഡിലെ ശപിക്കപ്പെട്ട ബംഗ്ലാവിന്റെ ചരിത്രം

ബോളിവുഡിന്റെ മിന്നുന്ന ലോകത്ത്, താരങ്ങളെപ്പോലെ തന്നെ പ്രശസ്തമാണ് അവര്‍ താമസിക്കുന്ന വീടുകള്‍ക്കും ഉണ്ടാകാറുണ്ട്. ഷാരൂഖ് ഖാന്റെ മന്നത്ത് മുതല്‍ അമിതാഭ് ബച്ചന്റെ ജല്‍സ വരെ, ഈ സെലിബ്രിറ്റി വസതികളും വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ വീടിനെയും താരങ്ങളുടെ താരപദവിയെയും സംബന്ധിക്കുന്ന അന്ധവിശ്വാസവും കുറവല്ല.

മുംബൈയിലെ കാര്‍ട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ‘ആശിര്‍വാദ്’ എന്ന ബംഗ്ലാവ് ഈ പട്ടികയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ വീടെന്നതിലുപരി, ആശിര്‍വാദുമായി ബന്ധപ്പെട്ട് അനേകം ശാപകഥകളുമുണ്ട്. ‘ആശിര്‍വാദ്’ എന്ന് പേരിടുന്നതിന് മുമ്പ്, ബംഗ്ലാവ് ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമ സ്ഥതയിലായിരുന്നു.

പിന്നീട് 1950കളിലെ ബൈജു ബാവ്റ, മിര്‍സ ഗാലിബ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ക്ക് പേരുകേട്ട ഭരത് ഭൂഷണാണ് ഇത് വാങ്ങിയത്. അക്കാലത്ത് ബോളിവുഡിലെ വന്‍ താരങ്ങളായ ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും ലിസ്റ്റില്‍ പരിഗണിക്കപ്പെട്ട ഭരത് ഭൂഷന്‍ ഈ ബംഗ്ലാവിലേയ്ക്ക് മാറിയ ഉടന്‍, ബോക്‌സോഫീസിലെ അദ്ദേഹത്തിന്റെ വിജയങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങി. സിനിമകള്‍ പരാജയപ്പെട്ടു. സമ്പത്തികനില പതിയെ തകരാന്‍ തുടങ്ങി. ഒടുവില്‍ കടത്തില്‍ മുങ്ങുകയും ചെയ്തതോടെ ഭൂഷണ്‍ ബംഗ്ലാവ് വില്‍ക്കാന്‍ നിര്‍ബന്ധിതനായി.

ഭരത്ഭൂഷന്‍ വീണതോടെ ബംഗ്‌ളാവ് ശാപം കിട്ടിയ, പ്രേതബാധയുള്ള അന്ധകാര ശക്തികള്‍ വാഴുന്നതായി വീടിനെക്കുറിച്ച് കഥകള്‍ വരാന്‍ തുടങ്ങി. രജത ജൂബിലി ഹിറ്റുകളുടെ റെക്കോര്‍ഡ് ഭേദിച്ചതിന് ‘ജൂബിലി കുമാര്‍’ എന്നറിയപ്പെടുന്ന രാജേന്ദ്ര കുമാറാണ് പിന്നീട് ഈ വീട് വാങ്ങിയത്. 1960 കളില്‍ 60,000 രൂപയ്ക്ക് ഈ വീട് വാങ്ങി. അക്കാലത്ത്, ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹത്തെയും വീട് വാങ്ങിയതോടെ ദൗര്‍ഭാഗ്യം പിടികൂടാന്‍ തുടങ്ങി. അവസാനം അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ന്നു.

രാജേന്ദ്രകുമാറിന് ശേഷം മറ്റൊരു സൂപ്പര്‍സ്റ്റാറാണ് വീട് വാങ്ങിയത്. 1970കളുടെ തുടക്കത്തില്‍, തന്റെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ രാജേഷ്ഖന്നയാണ് 3.5 ലക്ഷം രൂപയ്ക്ക് ഈ വീട് വാങ്ങിയത്. ‘ആശിര്‍വാദ്’ എന്ന് പുനര്‍നാമകരണവും ചെയ്തു. തുടര്‍ച്ചയായ 17 സോളോ ഹിറ്റുകള്‍ ക്രെഡിറ്റില്‍ ഉണ്ടായിരുന്നു അദ്ദേഹം ബാല്‍ക്കണിയില്‍ നിന്ന് കൈ വീശുന്നത് പതിവ് കാഴ്ചയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ആരാധകര്‍ ദിവസവും കാര്‍ട്ടര്‍ റോഡില്‍ അണിനിരന്നു.

എന്നാല്‍ നല്ല കാലം രാജേഷ്ഖന്നയ്ക്കും നീണ്ടുനിന്നില്ല. ഒരു പുതിയ നായകന്‍ ഉദിച്ചുയര്‍ന്നു. അമിതാഭ്ബച്ചന്‍. അദ്ദേഹത്തോടൊപ്പം ബോളിവുഡിന്റെ കഥപറച്ചിലിലും താരങ്ങളിലും ഒരു മാറ്റം വന്നു. രാജേഷ് ഖന്നയുടെ സിനിമകള്‍ പരാജയപ്പെട്ടു. പ്രശംസ മങ്ങി. അദ്ദേഹത്തിന്റെ വ്യക്തിജീവിതം പോലും വിവാദമായി മാറി. എന്നിട്ടും അദ്ദേഹം ആശിര്‍വാദ് വിട്ടിട്ടില്ല. മറ്റെല്ലാം വഴുതിപ്പോയപ്പോഴും രാജേഷ്ഖന്ന അത് കൈവിട്ടില്ല. 2011-ല്‍ മരിക്കുന്നതുവരെ അദ്ദേഹം അവിടെ താമസിച്ചു.

മൂന്ന് ഐക്കണിക് താരങ്ങളുടെ വ്യത്യസ്തമായ മൂന്ന് വീഴ്ചകള്‍. ആശിര്‍വാദ് സിനിമാ വൃത്തങ്ങളില്‍ അശുഭകരമായ ഒരു പേരായി മാറി. ഇതോടെ ഈ വീടിന് ‘ഭൂത് ബംഗ്ല’ എന്ന പേര് കിട്ടി. ഒരാള്‍ ശാപങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, അതിലെ താമസക്കാരുടെ വിധിയിലെ വിചിത്രമായ സമാനത കള്‍ അവഗണിക്കാനാകാതെ വന്നു. ഇന്ന്, ആശിര്‍വാദ് യഥാര്‍ത്ഥ രൂപത്തില്‍ നിലവിലില്ല, അത് പൊളിച്ച് പണിതു. എന്നാല്‍ കഥകള്‍ ഇപ്പോഴും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *