ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് . തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു.
അതിനിടെ, ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും ‘റിയല്‍മീറ്റ്’ എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. ‘റിയല്‍മീറ്റ്’ എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി.
ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കെ.സൗമ്യക്ക് തസ്ലീമ സുല്‍ത്താനയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നതായി എക്സൈസ് അന്വേഷണ സംഘം സ്ഥീരികരിച്ചു.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു.
തസ്ലിമ സുല്‍ത്താനയുമായി തനിക്കുള്ളത് ‘റിയല്‍ മീറ്റ്’ ഇടപാടെന്നും അതിനുള്ള കമ്മിഷനാണ് തസ്ലിമ നല്‍കുന്നതെന്നും സൗമ്യ വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ട്. നടന്മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ഇവര്‍ക്കും തനിക്കും ബന്ധമില്ലെന്നും സൗമ്യ അറിയിച്ചു. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു.
പാലക്കാട് കണ്ണാടി സ്വദേശിയായ സൗമ്യ ആദ്യം നാട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി. അന്നത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി മോഡലിങ്ങിലേക്ക് കടന്നതോടെ കൊച്ചിയിലേക്ക് പ്രവര്‍ത്തനം മാറി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന സൗമ്യയുടെ റീല്‍സുകള്‍ക്ക് ആരാധകരേറെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന ഇവര്‍ പരസ്യമായി പുക വലിക്കുന്ന നിരവധി റീല്‍സുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്സൈസ് ചോദ്യംചെയ്ത് വിട്ടയച്ചു . നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.