ഉത്തർപ്രദേശിലെ ജൗൻപൂരിൽ നടന്ന ഒരു കസ്റ്റഡി പീഡനത്തിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ രണ്ട് പോലീസുകാർ ചേർന്ന് ബെൽറ്റ്കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. രണ്ട് പോലീസുകാർ ഒരു തൂണിന് ചുറ്റും യുവാവിനെ തടഞ്ഞുവെക്കുകയും മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥൻ ബെൽറ്റുകൊണ്ട് യുവാവിനെ ആഞ്ഞടിക്കുന്നതുമാണ് കാണുന്നത്.
പോലീസിൻ്റെ പീഡനത്തെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കസ്റ്റഡി മർദ്ദനത്തിൻ്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ കുറ്റാരോപിതനായ എസ്എച്ച്ഒ വിനോദ് മിശ്ര എന്ന പോലീസ് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്നു നീക്കുകയും പകരം ഇൻസ്പെക്ടർ ദിലീപ് കുമാർ സിങ്ങിനെ ആ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.
എസ്എച്ച്ഒ വിനോദ് മിശ്രയ്‌ക്കെതിരായ നടപടി നെറ്റിസൺമാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് കാരണമായിരിക്കുന്നത് . കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടിയെ ചില ഉപയോക്താക്കൾ അഭിനന്ദിച്ചു. അതേസമയം പോലീസ് സ്റ്റേഷനുകൾക്കുള്ളിലെ ഇത്തരം ക്രൂരമായ പ്രവൃത്തികൾ തടയാൻ ഇൻസ്‌പെക്ടറെ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് (ലൈൻ ഹസീർ) മാറ്റിയാൽ മതിയോ എന്നാണ് മറ്റുചിലർ ചോദിച്ചത്. മാത്രമല്ല ആക്രമണ സമയത്ത് എസ്എച്ച്ഒയെ സഹായിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഏതോ ആവശ്യത്തിന് യുവാവ് ഇൻസ്പെക്ടർക്ക് പണം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കാര്യം നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. ഇതിൽ പ്രകോപിതനായ എസ്എച്ച്ഒ യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഒരിക്കൽ പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവാവ് വിനോദ് മിശ്രയുടെ ക്രൂര മർദ്ദനത്തിനു ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പണം തട്ടിയതിന് എസ്എച്ച്ഒ വിനോദ് മിശ്രയ്‌ക്കെതിരെ നേരത്തെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായും ആക്ഷേപമുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.