Fitness

ആകര്‍ഷകമാക്കാം ഉടലഴക്‌; തടിച്ച അരക്കെട്ട്‌ പരിഹരിക്കാന്‍ മാര്‍ഗമുണ്ട്

തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും.

പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ശരീരഭാരം വര്‍ധിക്കുന്നത്‌. കൊഴുപ്പ്‌ അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ്‌ തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ്‌ അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്‌, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ നൂറുകൂട്ടം സൗന്ദര്യ പ്രശ്‌നങ്ങള്‍ സ്‌ത്രീകളെ അലട്ടി തുടങ്ങുന്നു.

എങ്ങനെയും സൗന്ദര്യ വീണ്ടെടുക്കണമെന്ന ആഗ്രഹം ശക്‌തമാകുമ്പോള്‍ പലരും ചെന്നെത്തുന്നത്‌ വ്യാജചികിത്സകരുടെ അടുത്താണ്‌. ആവശ്യമില്ലാത്ത മരുന്ന്‌ കഴിച്ച്‌ ഇല്ലാത്ത അസുഖങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്യും. വസ്‌ത്രം ധരിക്കുമ്പോള്‍ അരക്കെട്ട്‌ ആകര്‍ഷകമായിരിക്കണം. തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും.

വയറുകുറയ്‌ക്കാം

അടിവയറിന്റെ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്ന സൗന്ദര്യ ചികിത്സയാണ്‌ അബ്‌ഡൊമിനോ പ്ലാസ്‌റ്റി. ഇതിനെ ടമ്മി ടക്ക്‌ എന്നും പറയുന്നു. ലോകത്ത്‌ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന സൗന്ദര്യ ശസ്‌ത്രക്രിയകളിലൊന്നാണിത്‌. അടിവയറ്റില്‍ അമിതമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും ഇലാസ്‌റ്റിസിറ്റി നഷ്‌ടപ്പെട്ടതുമൂലം തൂങ്ങിയ ചര്‍മ്മവും നീക്കം ചെയ്യുന്നതാണ്‌ ഈ ചികിത്സാ മാര്‍ഗം.

അതോടൊപ്പം തന്നെ ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന സ്‌ട്രെച്ച്‌ മാര്‍ക്കും ഒഴിവാക്കാനാവും. അബ്‌ഡൊമിനോപ്ലാസ്‌റ്റി കഴിഞ്ഞതിനുശേഷം അടിവയറ്റിലെ പേശികള്‍ മുറുകുകയും കാഴ്‌ചയില്‍ ഒതുക്കവും ചര്‍മ്മത്തിന്‌ മിനുസവും ഭംഗിയും ലഭിക്കുകയും ചെയ്യുന്നു. വയര്‍ ചാടുന്നതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള ഹെര്‍ണിയ പോലുള്ള രോഗാവസ്‌ഥകള്‍ അബ്‌ഡൊമിനല്‍പ്ലാസ്‌റ്റി വഴി ഒഴിവാക്കാനും സാധിക്കും. ശരീരത്തിന്റെ മധ്യഭാഗമായതിനാല്‍ അടിവയറ്റില്‍ ടമ്മി ടക്ക്‌ ചെയ്യുന്നതിനൊപ്പം അടിവയറ്റിലും തുടയിലും ലൈപ്പോസക്‌ക്ഷനും വേണ്ടിവരും.

ടമ്മി ടക്ക്‌

ടമ്മി ടക്ക്‌ അഥവാ അബ്‌ഡൊമിനോപ്ലാസ്‌റ്റി അമിത വണ്ണം കുറയ്‌ക്കുന്നതിനുള്ള ചികിത്സാ മാര്‍ഗമല്ല എന്നകാര്യം ഓര്‍ക്കണം. വണ്ണം കുറയ്‌ക്കുന്നതിന്‌ കൃത്യമായ ആഹാര നിയന്ത്രണവും വ്യായാമവും ആവശ്യമാണ്‌. എല്ലാവര്‍ക്കും ഈ ചികിത്സയുടെ ആവശ്യമില്ല. ഡോക്‌ടറാണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌. അടിവയറ്റില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിന്റെ അളവ്‌ താരതമ്യേന കുറവും ചര്‍മ്മത്തിന്‌ ഇലാസ്‌റ്റിസിറ്റി ആവശ്യത്തിന്‌ ഉണ്ടെങ്കില്‍ അബ്‌ഡൊമിനല്‍പ്ലാസ്‌റ്റിയുടെ ആവശ്യമില്ല. പകരം ലൈപ്പോസക്‌ക്ഷന്‍ മാത്രം മതിയാവും.

അനസ്‌തേഷ്യ നല്‍കിയതിനുശേഷമാണ്‌ ടമ്മി ടക്ക്‌ ചെയ്യുന്നത്‌. ഓരോരുത്തരുടെയും ശരീര പ്രകൃതിയനുസരിച്ചാണ്‌ സര്‍ജറിയുടെ രീതി തീരുമാനിക്കുന്നത്‌. സര്‍ജറിയിലൂടെ തൂങ്ങലുള്ള ഭാഗം നീക്കംചെയ്‌ത് ശേഷിക്കുന്നത്‌ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു. ഇങ്ങനെ തുന്നിച്ചേര്‍ക്കുന്നതിന്റെ അടയാളം അടിവസ്‌ത്രം മറയ്‌ക്കുന്ന വിധത്തിലായിരിക്കും. അതുകൊണ്ട്‌ മറ്റാര്‍ക്കും ഈ അടയാളം കാണാനാവില്ല.

മൂന്നു മുതല്‍ അഞ്ച്‌ മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ശസ്‌ത്രക്രിയയാണ്‌ ടമ്മി ടക്ക്‌. ശസ്‌ത്രക്രിയക്കു ശേഷമുള്ള ദ്രാവകം പുറത്തുപോകുന്നതിന്‌ പ്രത്യേക ട്യൂബ്‌ സംവിധാനം ഇതോടൊപ്പം സജ്‌ജീകരിച്ചിരിക്കും. സര്‍ജറിക്കുശേഷം രോഗിയുടെ ആരോഗ്യസ്‌ഥിതിയനുസരിച്ച്‌ രണ്ടു മുതല്‍ ഒരാഴ്‌ചവരെ ആശുപത്രിയില്‍ കഴിയേണ്ടിവരും.

സര്‍ജറിക്കുശേഷം ആദ്യ ആറ്‌ ആഴ്‌ചയോളം ടൈറ്റ്‌ ഫിറ്റിംഗ്‌ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നതാവും ഉചിതം. സര്‍ജറി ചെയ്‌തിടത്ത്‌ വീണ്ടും സ്രവം ഉണ്ടാകുന്നത്‌ തടയാനും മുറിവ്‌ വേഗം ഉണങ്ങാനും ഇത്‌ സഹായിക്കും.

സങ്കീര്‍ണമായ മറ്റ്‌ ശസ്‌ത്രക്രീയകള്‍ പോലെ തന്നെ നീരും വേദനയും ഉണ്ടാകാം. സാധാരണ ഇത്‌ ഏതാനും ആഴ്‌ചകള്‍ നിലനില്‍ക്കും. സര്‍ജറി കഴിഞ്ഞ ഉടനേ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കരുത്‌. അല്‌പദൂരം നടക്കുന്നത്‌ ശരീരത്തില്‍ രക്‌തയോട്ടം കൂടാന്‍ സഹായിക്കും. മിക്കവാറും സ്‌ത്രീകള്‍ക്ക്‌ 2-3 ആഴ്‌ചകള്‍ക്കുള്ളില്‍ ജോലിക്കുപോയിത്തുടങ്ങാം. എന്നാല്‍ ഭാരമുള്ള വസ്‌തുക്കള്‍ എടുത്തുയര്‍ത്താന്‍ ശ്രമിക്കരുത്‌. കഠിന വ്യായാമങ്ങളും ആറേഴ്‌ മാസം ഒഴിവാക്കണം.

തൈ ലിഫ്‌ട്

അമിത വണ്ണമുള്ളവരുടെ തുടയുടെ ഇരുവശത്തും കൊഴുപ്പ്‌ അടിഞ്ഞുകൂടി നടക്കാനും വസ്‌ത്രം ധരിക്കാനും ബുദ്ധിമുട്ട്‌ ഉണ്ടാകാറുണ്ട്‌. ഇവര്‍ക്കുള്ള സര്‍ജറിയാണ്‌ തൈ ലിഫ്‌ട്. തുടയുടെ ഉള്‍ഭാഗത്താണ്‌ മിക്കവാറും കൊഴുപ്പ്‌ അടിയുന്നതും ചര്‍മ്മം കട്ടിവയ്‌ക്കുന്നതും. വണ്ണം കൂടുമ്പോള്‍ തുടകളിലെ ചര്‍മ്മം വലിയുകയും വണ്ണം കുറയുന്ന അവസരത്തില്‍ അയഞ്ഞ ചര്‍മ്മം പിന്നീട്‌ പഴയപടി ആവാതിരിക്കുകയും ചെയ്യാം. നടക്കുമ്പോള്‍ ഇരു തുടകളും കൂട്ടിയുരുമി തൊലിപൊട്ടി മുറിവ്‌ ഉണ്ടാകാനിടയുണ്ട്‌. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും തുടകളുടെ ആകെ വണ്ണം കുറയ്‌ക്കാമെങ്കിലും ഉള്‍ത്തുടകളിലെ വണ്ണം പരമ്പരാഗത രീതിയില്‍ കുറയ്‌ക്കുക അസാധ്യമാണ്‌.

ഉള്‍ത്തുടയുടെ വണ്ണം കുറയ്‌ക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്‌ തൈ ലിഫ്‌ട്. ഇതുചെയ്യുന്നതിലൂടെ തുടയുടെ അമിത വണ്ണം കുറയ്‌ക്കാനും സ്വാഭാവികത നിലനിര്‍ത്തുവാനും സാധിക്കുന്നു.

ലൈപ്പോസക്‌ക്ഷന്‍ രീതിയിലൂടെ ആദ്യം കൊഴുപ്പ്‌ നീക്കം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. അതിനു ശേഷം തുടയില്‍ അമിതമായുള്ള ചര്‍മ്മം നീക്കം ചെയ്യുന്നു. ഇതിനായി തുടയിടുക്കിലാണ്‌ സര്‍ജറി നടത്തുന്നത്‌. അതിനാല്‍ മുറിവുണങ്ങിയശേഷവും സര്‍ജറിയുടെ അടയാളം കാണാനാവില്ല. അടിവസ്‌ത്രത്തിനു കീഴില്‍ മുറിവടയാളം മറഞ്ഞിരിക്കും. ഒന്നരമുതല്‍ രണ്ട്‌ മണിക്കൂര്‍ വരെ തൈലിഫ്‌റ്റിന്‌ വേണ്ടിവരും. രോഗിയുടെ ആരോഗ്യാവസ്‌ഥ അനുസരിച്ച്‌ ഒന്നു മുതല്‍ രണ്ടു ദിവസം വരെ ആശുപത്രിയില്‍ കിടക്കേണ്ടിവരും. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ജോലിക്കുപോയിതുടങ്ങാം. 6 ആഴ്‌ചകളിലെങ്കിലും വ്യായാമം ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *