പ്രകൃതിദത്തമായ ഒരു കൂറ്റൻ കല്ലിന് മുകളിൽ നിർമിച്ച അതിമനോഹരമായ ഒരു വീടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഹൈദരാബാദിൽ നിന്നും വൈറലായിക്കൊണ്ടിരിക്കുന്നത്. വീടിന്റെ ഡിസൈൻ കണ്ട് കാഴ്ചക്കാരിൽ പലരും അമ്പരന്നിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നും യുഎസ്എയിൽ നിന്നുമുള്ള ഏറ്റവും മികച്ച ഹൗസ് സ്റ്റോറികൾ പങ്കിടുന്നതിൽ ശ്രദ്ധേയനായ ജനപ്രിയ കണ്ടന്റ് ക്രീയേറ്റർ പ്രിയം സരസ്വത് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാസ്തുവിദ്യയും പ്രകൃതിയും അതിഗംഭീരമായി കോർത്തിണക്കി നിർമിച്ച വീടിന്റെ ദൃശ്യങ്ങൾ പലരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്.
എല്ലാ വശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വീട്, നഗരത്തിന്റെ അതിശയകരമായ പനോരമിക് കാഴ്ചകളാണ് നമുക്ക് തരുന്നത്. വീടിന്റെ ലൊക്കേഷൻ ഇപ്പോഴും രഹസ്യമാണ്. പ്രകൃതിയുടെ മനോഹാരിത തുളുമ്പുന്ന വിസ്മയ കാഴ്ചയിലേക്കാണ് ഈ വീട് തുറക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഭൂപ്രകൃതിയുമായി ഒത്തുചേരുന്ന തരത്തിലാണ് വീടും ചുറ്റുപാടും രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനടിയിൽ ഒരു കൂറ്റൻ പാറയും നിലനിർത്തിയിരിക്കുന്നു.
ഭീമാകാരമായ കല്ലിൽ നേരിട്ട് നിർമ്മിച്ചിരിക്കുന്ന ഉയർന്ന മട്ടുപ്പാവാണ് പ്രോപ്പർട്ടിയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ചുറ്റുമുള്ള കുന്നുകളും ശുദ്ധവായുവും ആസ്വദിക്കാൻ ഈ ഔട്ട്ഡോർ ഘടന പ്രദാനം ചെയ്യുന്നു. കൈയുടെ ആകൃതിയുള്ള ഉയർന്ന ശിലാരൂപമാണ് ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു ഘടകം. നഗരത്തിന്റെ കൂടുതൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാണ് തങ്ങൾ ഈ “സ്റ്റോൺ ഹാൻഡ്” നിർമിച്ചതെന്ന് ഉടമ പറഞ്ഞു.
ഈ ആഢംബര വീടിന് ഒരു പൂൾ ഏരിയയും ഉണ്ട്. അവിടെ പ്രകൃതിദത്തമായ കല്ലുകൾക്കൊണ്ട് വെള്ളച്ചാട്ടവും നിർമിച്ചിട്ടുണ്ട്. ഇത് ആധുനികതയെ പ്രകൃതിയുമായി സംയോജിപ്പിക്കുന്നു. അതേസമയം, വീടിന്റെ ഇന്റീരിയർ ലളിതവും എന്നാൽ മനോഹരവുമാണ്. മിനിമലിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ഗംഭീരം വീടിന്റെ ബാൽക്കണിയാണ്.
വീടിന്റെ ഓരോ വശവും ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിന് താഴെയുള്ള പ്രകൃതിദത്ത കല്ലിന്മേലുള്ള ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയാണെന്ന് വീഡിയോയിൽ ഉടമ വിശദീകരിച്ചു. പ്രകൃതിദത്തമായ പാറയുടെ സൗന്ദര്യത്തിന് തടസ്സമുണ്ടാകാതെ പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. പ്രകൃതിയെ വരച്ചുകാട്ടുന്ന ഒരു വീട് സൃഷ്ടിക്കുക എന്നതായിരുന്നു ഉടമയുടെ കാഴ്ചപ്പാട്. അത് ഈ വീടിന്റെ എല്ലാ ഇടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
ഇതുവരെ 5.2 മില്യണിലധികം വ്യൂസ് നേടിയ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതിയെ ബഹുമാനിക്കുന്ന ഒരു ഇടം സൃഷ്ടിക്കുന്നതിനുള്ള രൂപകൽപ്പനയെയും ഉടമയുടെ സമർപ്പണത്തെയും പലരും പ്രശംസിച്ചു.