ഡ്യൂട്ടിക്കിടെ പകർത്തിയ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ വീണ്ടും വാർത്തകളിൽ നിറയുന്നു. വൈറലായ വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥ ഭാവാഭിനയത്തോടെ ‘ധുന്ധ്തേ ഹേ ഹം തുംകോ’ എന്ന ബോളിവുഡ് ഗാനം പാടുന്നതാണ് കാണുന്നത്.
മധ്യപ്രദേശിലെ രേവയിൽ ജോലി ചെയ്തിരുന്ന സന്ധ്യ വർമ്മ എന്ന വനിതാ കോൺസ്റ്റബിളാണ് വീഡിയോയിലെ താരം. നേരത്തെയും ഭോജ്പുരി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന സന്ധ്യയുടെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
റീൽ ജനുവരി ആദ്യം പോസ്റ്റ് ചെയ്തതാണെന്നും പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായും അധികൃതർ പറഞ്ഞു. എന്നാൽ, രണ്ട് മാസത്തിന് ശേഷം ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.
ഇക്കാര്യം അന്വേഷിക്കാൻ അഡീഷണൽ എസ്പി വിവേക് കുമാർ ലാലിനെ പോലീസ് സൂപ്രണ്ട് (എസ്പി) വിവേക് സിങ് നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു കേസിൽ, സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷനിലെ ഒരു ഹെഡ് കോൺസ്റ്റബിളും സഹപ്രവർത്തകരും ചേർന്ന് ഭോജ്‌പുരി ഗാനങ്ങൾക്ക് നൃത്തം ചുവടുകൾ വെക്കുന്ന റീലുകൾ ചിത്രീകരിച്ചിരുന്നു. കോടതി, പോലീസ് സ്റ്റേഷൻ, പോലീസ് വാഹനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച റീലുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ഉടൻ തന്നെ വൈറലാവുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എസ്പി വിവേക് സിംഗ് പുതിയ അന്വേഷണം ആരംഭിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. സംഭവം വിവാദമായതോടെ വനിതാ കോൺസ്റ്റബിൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുഴുവൻ ഡിലീറ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഡ്യൂട്ടി സമയത്ത് റീലുകൾ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രേവ ആസ്ഥാനമായുള്ള അഭിഭാഷകൻ ബികെ മാല രംഗത്തെത്തി. നഗരത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുമ്പോൾ, സോഷ്യൽ മീഡിയയിൽ ലൈക്കുകൾ നേടുന്നതിന് ശ്രമിക്കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥർ അവരുടെ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.