ഉത്തരകാശിയിലെ മണികർണിക ഘട്ടിൽ റീൽസ് ചിത്രീകരണത്തിനിടെ ഭാഗീരഥി നദിയിൽ മുങ്ങി യുവതിയെ കാണാതായി. തിങ്കളാഴ്ച നടന്ന ദുരന്തത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു യുവതി മികച്ച ദൃശ്യം ലഭിക്കാൻ നദീതീരത്തേക്ക് നീങ്ങുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം യുവതിയുടെ, കാൽ വഴുതുകയും ശക്തമായ ഒഴുക്കിലേക്ക് യുവതി വീഴുന്നതുമാണ് കാണുന്നത്. വെള്ളത്തിൽ നിന്ന് രക്ഷപെടാൻ പാടുപെടുന്ന സ്ത്രീയെ കണ്ടപ്പോൾ മകൾ മമ്മീ.. എന്ന് നിലവിളിക്കുന്നതും കേള്‍ക്കാം. നദിയിലെ ശക്തമായ ഒഴുക്കിൽ അവർ ഒഴുകിപ്പോയി.
റിപ്പോർട്ടുകൾ പ്രകാരം, യുവതി തന്റെ മൊബൈൽ ഫോൺ മകൾക്ക് നൽകുകയും നദിയിൽ തന്റെ വീഡിയോ എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. .ഈ ഭയാനക ദൃശ്യങ്ങളാണ് പിന്നീട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.
അപകടത്തിനു പിന്നാലെ യുവതിയെ അവിടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴാകുകയായിരുന്നു. നിലവിൽ യുവതിയെ കണ്ടെത്താനുള്ള അധികാരികളുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. യുവതിയുടെ പേരോ മറ്റുവിവരങ്ങളോ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ പോയ 35 കാരിയായ യുവതി 11 വയസ്സുള്ള മകളോടൊപ്പം മണികർണിക ഘട്ട് സന്ദർശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഈ ദാരുണമായ സംഭവം സോഷ്യൽ മീഡിയ ഉള്ളടക്കത്തിനുവേണ്ടി അപകടകരമായ സ്ഥലങ്ങൾക്ക് സമീപമുണ്ടാകുന്ന യഥാർത്ഥ അപകടങ്ങളെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്രയിലെ റായ്ഗഡിന് സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മലയിടുക്കിൽ വീണു മരിച്ചിരുന്നു.