മകളുടെ വിവാഹത്തിനു 10 ദിവസം മാത്രം ബാക്കിനില്‍ക്കെ വരനാകാന്‍ പോകുന്ന ചെറുപ്പക്കാരനൊപ്പം വധുവിന്റെ അമ്മ ഒളിച്ചോടി!. ഉത്തര്‍പ്രദേശിലെ അലിഗഡിലെ മദ്രക് പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഗാമത്തിലാണു സംഭവം. വധുവിന്റെ അമ്മ അനിത, ‘മരുമകനൊപ്പം’ ഒളിച്ചോടുക മാത്രമല്ല, 3.5 ലക്ഷത്തിലധികം പണവും 5 ലക്ഷത്തിലധികം വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ന്നുകൊണ്ടുപോയി.
“ഏപ്രില്‍ 16-ന് ഞാന്‍ രാഹുലിനെ വിവാഹം കഴിക്കേണ്ടതായിരുന്നു, ഞായറാഴ്‌ച എന്റെ അമ്മ അയാള്‍ക്കൊപ്പം ഒളിച്ചോടി. മൂന്നോ നാലോ മാസമായി രാഹുലും അമ്മയും ഫോണില്‍ ഒരുപാടുനേരം സംസാരിക്കാറുണ്ടായിരുന്നു. അലമാരയില്‍ 3.5 ലക്ഷം രൂപയും 5 ലക്ഷത്തിലധികം വിലമതിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. അയാള്‍ ആവശ്യപ്പെട്ടതെല്ലാം അമ്മ ചെയ്‌തു. അവര്‍ 10 രൂപ പോലും അലമാരയില്‍ അവശേഷിപ്പിച്ചിട്ടില്ല. എന്റെ അമ്മ ഞങ്ങളുടെ മുഴുവന്‍ പണവും എടുത്തുകൊണ്ട് പോയി” -‘വധു’ ശിവാനി പറഞ്ഞു. ‘അവര്‍ക്ക് ഇപ്പോള്‍ ഇഷ്‌ടമുള്ളത് ചെയ്യാന്‍ കഴിയും, ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. പണവും ആഭരണങ്ങളും തിരികെ നല്‍കണമെന്നു മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’- പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് തന്റെ ഭാര്യയെ കാണാനില്ല എന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കി.
‘ആ മനുഷ്യന്‍ എന്റെ മകളോട് സംസാരിക്കില്ലായിരുന്നു, പക്ഷേ എന്റെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കും. ഞാന്‍ എന്റെ ബിസിനസ് നടത്തുന്നതിനായി ബംഗളൂരുവിലാണു താമസിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി അവര്‍ ദിവസത്തില്‍ 22 മണിക്കൂര്‍ പരസ്‌പരം സംസാരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. സംശയം തോന്നിയെങ്കിലും കല്യാണം അടുത്തിരുന്നതിനാല്‍ എതിര്‍ത്തു പറഞ്ഞില്ല. കഴിഞ്ഞ ആറിന് അനിത അയാള്‍ക്കൊപ്പം പോകുകയും ഞങ്ങളുടെ പണവും ആഭരണങ്ങള്‍ മുഴുവന്‍ എടുക്കുകയും ചെയ്‌തു’- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഫോണില്‍ വിളിച്ചപ്പോള്‍ അതിതയെ താന്‍ 20 വര്‍ഷമായി ഉപദ്രവിക്കുന്നുണ്ടെന്നും അതിനാല്‍ അവരെ മറക്കണമെന്നും ‘മരുമകന്‍’ ആകാനിരുന്നയാള്‍ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.