ടെഹ്റാന്‍ : സ്ത്രീശരീരത്തിനും വസ്ത്രധാരണത്തിനും കര്‍ശനനിയമങ്ങളുള്ള ഒരു രാജ്യത്ത് ‘പാശ്ചാത്യ സൗന്ദര്യ’ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും മുഖം പുറത്തുകാട്ടരുതെന്നും മുടി മറയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുള്ള ഇറാനില്‍ മുഖസൗന്ദര്യ വര്‍ദ്ധനവുവുമായി ബന്ധപ്പെട്ട വ്യവസായം തഴച്ചുവളരുന്നു.
സൗന്ദര്യ വ്യവസായത്തില്‍ ഏറ്റവും പ്രിയങ്കരമാകുന്നത് ‘മൂക്കിന്’ മേലുള്ള പണികളാണ്. മുക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയയായ ‘റൈനോപ്ലാസ്റ്റി’ യില്‍ സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നു എന്നാണ് സൂചനകള്‍. യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഈസ്തറ്റിക് പ്ലാസ്റ്റിക് സര്‍ജറി പ്രകാരം, 2023 ല്‍ ഇറാനില്‍ 264,000-ത്തിലധികം സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടന്നതില്‍ ഏറ്റവും സാധാരണമായത് റൈനോപ്ലാസ്റ്റി ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടെഹ്റാനിലും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും, ബ്യൂട്ടി ക്ലിനിക്കുകളുടെയും കോസ്മെറ്റിക് നടപടിക്രമങ്ങളുടെയും പരസ്യങ്ങള്‍ തിളങ്ങുന്ന നിറങ്ങളിലുള്ള ബില്‍ബോര്‍ഡുകളില്‍ കാണാം, അവ കൊത്തിവെച്ച മൂക്ക്, കുറ്റമറ്റ ചര്‍മ്മം, പൂര്‍ണ്ണമായ പല്ലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. മൂക്ക് കെട്ടിയ നിരവധി ആളുകളെ തെരുവുകളില്‍ കാണാന്‍ കഴിയും, ഇത് ‘റൈനോപ്ലാസ്റ്റി’യുടെ ജനപ്രീതിയുടെ തെളിവാണെന്നും പറയുന്നു. തങ്ങള്‍ തൊഴിലെടുക്കുന്ന മേഖലയില്‍ കൂടുതല്‍ പരിഗണന കിട്ടാന്‍ കൂടി സ്ത്രീകള്‍ കോസ്‌മെറ്റിക് സര്‍ജറിക്ക് വിധേയരാകുന്നുണ്ട്.
തലസ്ഥാനത്തെ തന്റെ സുസജ്ജമായ ക്ലിനിക്കില്‍ ആഴ്ചയില്‍ 20 ശസ്ത്രക്രിയകള്‍ വരെ നടക്കുന്നതായി റൈനോപ്ലാസ്റ്റി സര്‍ജന്‍ ഹമീദ്രേസ ഹൊസ്‌നാനി പറഞ്ഞു. സൗന്ദര്യത്തിന്റെ അളവ് കോലായിരുന്ന ‘പേര്‍ഷ്യന്‍മൂക്ക്’ എന്ന സങ്കല്‍പ്പം ചരിത്രത്തില്‍ സാമൂഹിക സ്വത്വവുമായും പദവിയുമായും ചേര്‍ന്നു കിടന്നിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ അതിനെ തീരെ താല്‍പ്പര്യപ്പെടുന്നില്ല. 2022-ല്‍ 22 വയസ്സുള്ള ഇറാനിയന്‍ കുര്‍ദ് മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ഉണ്ടായ ബഹുജന പ്രതിഷേധങ്ങളെത്തുടര്‍ന്ന് സ്ത്രീകള്‍ക്കിടയില്‍ വസ്ത്രധാരണത്തിലും സൗന്ദര്യം പുറത്തുകാട്ടുന്നതിലും ധിക്കാരം കൂടുതലായി.
മിനിമം വേതനം ഏകദേശം 100 ഡോളര്‍ ആയ ഇറാനില്‍, അടിസ്ഥാന റൈനോപ്ലാസ്റ്റിക്ക് 1,000 ഡോളര്‍ വരെ ചിലവ് വരും. അന്താരാഷ്ട്ര ഉപരോധങ്ങളും വിലക്കയറ്റവും കറന്‍സിയുടെ തകര്‍ച്ചയുമെല്ലാം ദശലക്ഷക്കണക്കിന് ഇറാനികളെ ബാധിക്കുന്ന സാഹചര്യത്തിലും ആളുകള്‍ സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ചെയ്യുന്നു. കോസ്‌മെറ്റിക് ചികിത്സ ചെലവ് കുറഞ്ഞതായി കണ്ടെത്തി വിദേശികള്‍ പോലും ഇവിടേയ്ക്ക് വരുന്നു. അതേസമയം വ്യാജന്മാരെ കൂടി ശ്രദ്ധിച്ചോളാന്‍ ഇറാനിയന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2023 ല്‍, നവംബര്‍ 7 ന് ടെഹ്റാനില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കോസ്മെറ്റിക് സര്‍ജറിക്കിടെ ഒറ്റ ദിവസം മൂന്ന് സ്ത്രീകള്‍ മരിച്ചുവെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.