ഭാര്യയുടെ പ്രണയം കണ്ടെത്തിയ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തില്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. ഭാര്യ തിരികെ പഴയ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് പ്രരിപ്പിച്ചതാകട്ടെ പുതിയ ഭര്‍തൃവീട്ടിലെ അമ്മായിഅമ്മയും.
ഉത്തര്‍പ്രദേശിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ അവരുടെ കാമുകന്‍ വികാസിന് വിവാഹം ചെയ്തു നല്‍കിയത്. 2017 ലാണ് രാധികയും ബബ്ലുവും തമ്മിലുള്ള വിവാഹം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബബ്ലു വൈകിയാണ് ഭാര്യയുടെ ബന്ധത്തെ പറ്റി അറിയുന്നത്.
കാര്യം സത്യമാണെന്ന് മനസിലാക്കിയ ശേഷം ബബ്ലു തന്നെയാണ് വികാസുമായി ഭാര്യ രാധികയുടെ വിവാഹം നടത്തിയത്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊല്ലുന്നതും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊല്ലുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത് തന്നെ ഭയപ്പെടുത്തി. അതുകൊണ്ട് ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ബബ്ലു മുന്‍പ് പറഞ്ഞത്.
വിവാഹ ചടങ്ങില്‍ ബബ്ലുവും മക്കളും പങ്കെടുത്തു. എട്ടും അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ ചുമതല താന്‍ ഏറ്റെടുക്കുമെന്നും ബബ്ലു അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ ശേഷം പുതിയ ഭര്‍ത്താവ് വികാസിന്റെ വീട്ടിലേക്ക് പോയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. മധുവിധു ദിവസങ്ങൾക്കിടെ വികാസിന്റെ അമ്മ രാധികയോട് മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് അതിന് മതിയായ കാരണവുമുണ്ടായിരുന്നു. അമ്മയില്ലാതെ രാധികയുടെ കുഞ്ഞുങ്ങൾ വളരുന്നത് കാണാന്‍ ആഗ്രഹമില്ലെന്നാണ് വികാസിന്റെ അമ്മ പറഞ്ഞത്.
‘ബബ്ലുവിന്റെയും രണ്ട് കുട്ടികളുടെയും അടുത്തേക്ക് മടങ്ങാൻ ഞാൻ രാധികയോട് ആവശ്യപ്പെട്ടു. രണ്ട് കൊച്ചുകുട്ടികളുടെ കാര്യത്തില്‍ എനിക്ക് വളരെ വിഷമം തോന്നി’ എന്നാണ് അമ്മായിയമ്മ പറഞ്ഞത്. അവരുടെ വാക്കുകള്‍ രാധിക അനുസരിച്ചെന്ന് മാത്രമല്ല, ബബ്ലു അവളെ സ്വീകരിക്കുകയും ചെയ്തു.