സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്.
2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് ജീവിച്ചു. പിടിക്കപ്പെട്ട ഇയാള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ ഇനി പാകിസ്ഥാനിലേക്ക് തിരിച്ചയക്കുമോ എന്ന സംശയത്തിലും ഭീതിയിലും കഴിയുകയാണ്.
ഒരു റോംഗ് നമ്പറില്‍ നിന്നുമായിരുന്നു ഗുല്‍സാര്‍ ഖാന്റെയും ദൗളത്ത്ബി യുടേയും പ്രണയം ആരംഭിച്ചത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് മേഖലയില്‍ നിന്നുള്ളയാളാണ് ഖാന്‍. ബി യാകട്ടെ ഇന്ത്യയിലെ ആന്ധ്രാപ്രദേശുകാരിയും. 2009 ല്‍ സൗദി അറേബ്യയില്‍ പെയിന്ററായി ജോലി ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ ഒരു കൂട്ടുകാരനെ വിളിക്കാന്‍ ഖാന്‍ ഒരിക്കല്‍ നടത്തിയ ശ്രമമാണ് ഇരുവരേയും പരിചയപ്പെടുന്നതിലേക്ക് നയിച്ചത്. സഹപ്രവര്‍ത്തകനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. കൂട്ടുകാരനെ കിട്ടാതെ വന്നപ്പോള്‍, അദ്ദേഹം അക്കമൊക്കെ മാറ്റി ഒരു തെറ്റായ നമ്പറിലും വിളിച്ചുനോക്കി. ഈ വിളിയാണ് ഇരുവരേയും ബന്ധിപ്പിച്ചത്.
അപരിചിതനുമായി സംസാരിക്കുന്നതില്‍ ആദ്യം ബി ഒന്നു ഭയപ്പെട്ടു. എന്നാല്‍ ഖാന്‍ സംസാരിച്ചുകൊണ്ടേയിരുന്നപ്പോള്‍ അവരും മറുവശത്ത് കേട്ടുനിന്നു. താന്‍ പഞ്ചാബില്‍ നിന്നാണെന്ന് ആദ്യ കോളില്‍ തന്നെ ഖാന്‍ ബിയോട് പറഞ്ഞിരുന്നു. എന്നാല്‍ പാക് പഞ്ചാബാണ് എന്ന് വ്യക്തമാക്കിയില്ല. താന്‍ ഒരു ക്രിസ്ത്യാനിയാണെന്നും വെളിപ്പെടുത്തിയില്ല. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടും വര്‍ഷങ്ങളോളം, ബി കരുതിയിരുന്നത് ഖാന്‍ തന്നെപ്പോലെ ഒരു മുസ്ലീമാണെന്ന് തന്നെയായിരുന്നു.
പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ ഫോണില്‍ പതിവായി സംസാരിച്ചു. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ താന്‍ അപരിചിതരോട് സംസാരിച്ചാല്‍ ബന്ധുക്കളും അയല്‍ക്കാരും തന്നെ മോശപ്പെടുത്തുമെന്ന് ബി പറഞ്ഞു. താന്‍ മരിക്കുന്നതാണ് നല്ലതെന്നും ബി ഖാനോട് പറയാറുണ്ടായിരുന്നു. എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ താന്‍ വന്ന് വിവാഹം കഴിക്കാമെന്ന് അയാള്‍ വാക്ക് കൊടുത്തു.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് സാധുതയുള്ള വിസ കണ്ടെത്താന്‍ ഇയാള്‍ പല തവണ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു എന്നും ഖാന്‍ പറഞ്ഞു. ഒടുവില്‍ ഇന്ത്യാക്കാരനായി ആള്‍മാറാട്ടം നടത്താന്‍ ഖാന്‍ തീരുമാനിച്ചു. ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്നും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് മടങ്ങണമെന്നും പറഞ്ഞു അധികാരികളെ സമീപിച്ചു. തന്നേപ്പോലിരിക്കുന്ന ഒരു ഇന്ത്യക്കാരന്റെ ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു.
ഇയാളെ കസ്റ്റഡിയില്‍ എടുത്ത് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി ശേഷം ഇന്ത്യയിലേക്ക് നാടുകടത്തി. 2011 ജനുവരിയില്‍ മിസ്റ്റര്‍ ഖാന്‍ ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിലെത്തി. ആഴ്ചകള്‍ക്കുള്ളില്‍ ബിയും ഖാനും വിവാഹിതരായി ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ മിസ് ബിയുടെ ഗ്രാമത്തിലേക്ക് മാറി. സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കേസെടുത്തില്ല.
അടുത്ത എട്ട് വര്‍ഷക്കാലം, ഇരുവരും ഒരുമിച്ച് ജീവിക്കുകയും നാല് കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഒരു പെയ്ന്ററായിട്ടാണ് ഖാന്‍ ജീവിച്ചത്. ആധാര്‍ ബയോമെട്രിക് കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ലഭിക്കാന്‍ അപേക്ഷിച്ചതായും അദ്ദേഹം പറയുന്നു. ഖാന്‍ പാക്കിസ്ഥാനിലുള്ള കുടുംബവുമായുള്ള ബന്ധവും പൂര്‍ണമായും വിച്ഛേദിച്ചു. ഇതിനിടയില്‍ ഖാന്റെ വിവരം ഒന്നും ഇല്ലാതായതിനെ തുടര്‍ന്ന് അമ്മാവന്‍ സൗദി അറേബ്യയിലേക്ക്് പോയി. ഖാന് അപകടം പിണഞ്ഞിരിക്കാമെന്നാണ് കുടുംബം കരുതിയത്.
പുതിയ കുടുംബത്തോടൊപ്പം ഒരു ഇന്ത്യക്കാരനായിട്ടാണ് ഖാന്‍ കഴിഞ്ഞത്. എന്നാല്‍ പാകിസ്താനിലെ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടുമെത്തിയതോടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 2019 ല്‍ ഭാര്യയും കുട്ടികളുമായി ഇന്ത്യ വിടാന്‍ ശ്രമിക്കുന്നതിനിടെ തെലങ്കാനയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഖാന്‍ പിടിയിലായി. അനധികൃത പ്രവേശനത്തിനും വ്യാജ രേഖകള്‍ വാങ്ങിയതിനും അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ പാകിസ്ഥാനിലേക്ക് ഖാന്‍ നടത്തിയ കോളുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ട്രാക്ക് ചെയ്തതായി വിവരമുണ്ട്.
അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഖാന്‍ പാകിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് ബി കണ്ടെത്തിയത്. അയാള്‍ പഞ്ചാബിയാണെന്ന് പറഞ്ഞ് ബി പോലീസുമായി വഴക്കിടുക പോലും ചെയ്തു. അപ്പോള്‍ പാകിസ്ഥാനിലും പഞ്ചാബ് ഉണ്ടെന്നും അയാള്‍ അവിടെ നിന്നുള്ളയാളാണെന്നും പോലീസ് പറഞ്ഞതു കേട്ട് ആദ്യം ഞെട്ടിപ്പോയെന്നും ബി പറയുന്നു.
ഖാന്റെ അറസ്റ്റിന് ശേഷം, ബി ഗ്രാമവാസികളോട് സഹായം തേടുകയും ഖാനുവേണ്ടി നിയമപരമായ ചെലവുകള്‍ക്കായി പണം ശേഖരിക്കുകയും ചെയ്തു. ഒരു പ്രാദേശിക കോടതി 2020-ല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു, അദ്ദേഹത്തെ നാടുകടത്തണമോ എന്നതിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുകയാണ്.
2022 ഫെബ്രുവരിയില്‍, തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്ത് ‘അനധികൃത കുടിയേറ്റക്കാര്‍’ എന്ന് വിശേഷിപ്പിച്ചവരെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. നാടുകടത്തല്‍ കേസ് തീര്‍പ്പാക്കുന്നതുവരെ അദ്ദേഹത്തെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഖാന്‍ തനിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല, ഇന്ത്യക്കാരനാണെന്ന് നടിച്ച ഒരു പാകിസ്ഥാന്‍ പൗരനാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലായാലും പാകിസ്ഥാനിലായാലും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുമോ എന്നറിയാന്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ് ദമ്പതികള്‍.