ബോളിവുഡില്‍ അനേകം ഹിറ്റ്ഗാനങ്ങള്‍ക്ക് ഭാവം നല്‍കിയിട്ടുള്ള സൂപ്പര്‍ഹിറ്റ് ഗായകന്‍ സോനുനിഗത്തിന് സ്‌റ്റേജ് പ്രോഗ്രാമിനിടെ കല്ലേറ്.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എന്‍ജിഫെസ്റ്റ് 2025-ല്‍ നടത്തിയ പരിപാടിക്കിടെയാണ് ചില കുട്ടികള്‍ കല്ലും കുപ്പിയും വലിച്ച് സ്‌റ്റേജിലേക്ക് എറിഞ്ഞത്. പരിപാടിയില്‍ തടസ്സമുണ്ടായിട്ടും ശാന്തമായി ഗായകന്‍ പാട്ടു തുടരുകയും മാന്യത നിലനിര്‍ത്താന്‍ അക്രമാസക്തരായ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം ടീമിലെ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
കല്ലേറിനെ തുടര്‍ന്ന് പരിപാടി ഇടയ്ക്ക് വെച്ച് നിര്‍ത്തിയ സോനുനിഗം ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്നത് തന്റെ ടീമിലുള്ളവര്‍ക്ക് അപകടമുണ്ടാക്കുമെന്നും പറഞ്ഞു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ” ഞാന്‍ ഇവിടെ വന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയാണ്. അപ്പോള്‍ നമുക്കെല്ലാവര്‍ക്കും നല്ല സമയം ആസ്വദിക്കാന്‍ കഴിയും. ആസ്വദിക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, പക്ഷേ ദയവായി ഇങ്ങിനെ ചെയ്യരുത്.” അദ്ദേഹം പറഞ്ഞു. അതേസമയം ടീമിലെ അംഗങ്ങള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി.
പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായിട്ടാണ് വിവരം. പരിപാടിക്കിടയില്‍ ഒരു ആരാധകന്‍ വേദിയിലേക്ക് പിങ്ക് നിറത്തിലുള്ള ഒരു ഹെയര്‍ബാന്‍ഡ് വലിച്ചെറിഞ്ഞിരുന്നു. എന്നാല്‍ അതെടുത്ത നിഗം ഞാന്‍ ഇത് വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് കളിയാക്കി പറഞ്ഞിരുന്നു. പരിപാടിക്ക് ശേഷം ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മോശമായ പെരുമാറ്റത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നിരാശ പ്രകടിപ്പിച്ചു.
കുറച്ച് അനിയന്ത്രിതരായ വിദ്യാര്‍ത്ഥികള്‍ കാരണം, നിഗത്തെപ്പോലെയുള്ള ഒരു ഇതിഹാസത്തിന് പ്രേക്ഷകരോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടേണ്ടി വന്നത് കാണുന്നത് ലജ്ജാകരമാണെന്ന് ചിലര്‍ പ്രതികരിച്ചു. അതേസമയം ഇത് രണ്ടാം തവണയാണ് സോനുനിഗത്തിന്റെ സംഗീത പരിപാടി തലക്കെട്ട് നേടുന്നത്. നേരത്തെ ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ കൊല്‍ക്കത്തയിലെ പരിപാടിയും പ്രേക്ഷകരുടെ മര്യാദയില്ലാത്ത പെരുമാറ്റം മൂലം വാര്‍ത്തയില്‍ പെട്ടിരുന്നു. വേദിയില്‍ സോനു പ്രേക്ഷകര്‍ക്ക് നേരെ കയര്‍ക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഒടുവില്‍ താന്‍ പാടണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കാന്‍ അദ്ദേഹം കയര്‍ത്തു പറയുന്നതും വീഡിയോയിലുണ്ട്.