Crime

ഭര്‍ത്താവിന് നാശം, മന്ത്രവാദിയുടെ പൂജ, വീട്ടുകാരിക്ക് നഷ്ടമായത് 1.3 കോടി രൂപ

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനെന്ന വ്യാജേനെ വ്യാജമന്ത്രവാദി വീട്ടുകാരെ കൊള്ളയടിച്ച് 1.3 കോടി രൂപ തട്ടിയെടുക്കുകയും വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ബംഗലുരുവിലെ ഗായത്രി നഗറിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ കിരണ്‍കുമാര്‍ ഗുരുജി എന്നയാള്‍ക്കെതി രേയാണ് പരാതി. ഭര്‍ത്താവിന് ആപത്ത് വരാന്‍ പോകുന്നെന്ന് വ്യാജ സന്ദേശം നടത്തിയെന്നും പണം തട്ടിയെടുത്തെന്നും വീട്ടമ്മ സുബ്രഹ്മണ്യം നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വീട്ടില്‍ അത്യാവശ്യമായി പൂജ നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇയാള്‍ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. കുടുംബം കൂടോത്രത്തിന്റെ പിടിയലാണെന്നും പൂജ നടത്തി പ്രതിവിധി ഉണ്ടാക്കിയില്ലെങ്കില്‍ കുടുംബം മുഴുവന്‍ നശിക്കുമെന്ന് മന്ത്രവാദി പറഞ്ഞു. ഇതിന്റെ ചെലവിലേക്കായി 3.75 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഇടണമെന്നും ദൈവീക ഇടപെടല്‍ കൊണ്ടേ കുടുംബത്തിന്റെ ദോഷം മാറൂ എന്നും പറഞ്ഞു. ഇതിന് പുറമേ പൂജയുടെ പേരില്‍ ഇരയില്‍ നിന്നും അനേകം സ്വര്‍ണ്ണാഭരണങ്ങളും ഇയാള്‍ കൈക്കലാക്കി.

രുദ്രാക്ഷമാല, ഒരു സ്വര്‍ണ്ണവള, നെക്‌ലേസുകള്‍ തുടങ്ങി 80 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് മന്ത്രവാദി വാങ്ങിയെടുത്തത്. ഇതിന് പുറമേ വീട്ടിലെ പല വസ്തുവകകളും വിറ്റ് പണം നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇങ്ങിനെ വിവിധ വഴികളില്‍ കൂടി മൊത്തം 1.3 കോടി രൂപയോളം ഇതിനകം മന്ത്രവാദിയുടെ കയ്യിലെത്തി. ഇതിനെല്ലാം പുറമേ പല കാരണങ്ങളും കൗശലങ്ങളും പറഞ്ഞ് വന്‍ തുകകള്‍ പിന്നെയും കൈമാറ്റം നടത്തി. എന്നാല്‍ പൂജ മുഴുവന്‍ നടത്തിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നതായി കണ്ടെത്തിയതോടെ ഇര പണം തിരിച്ചു ചോദിച്ചു.

പണം മടക്കിനല്‍കുന്നതിന് പകരം ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ലോഹിത് എന്നയാള്‍ മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും കുടുംബത്തെ ഇല്ലാതാക്കു മെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം റൗഡികളെ വീട്ടിലേക്ക് അയച്ച് സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നു പറയുകയും ചെയ്തു.