തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെ ബുദ്ധ പ്രതിമയുടെ മുകളിൽ കയറി മാവിൽ നിന്ന് മാമ്പഴം പറിക്കാൻ ശ്രമിച്ച ഒരു വിനോദ സഞ്ചാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്.
ടിക് ടോക്കിൽ പങ്കുവെക്കപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സ്ത്രീ ഇന്ത്യക്കാരിയാണെന്ന് വാദിക്കുകയും ചെയ്തു.
ടിക് ടോക്ക് ഉപയോക്താവ് @viewyeahhh ആദ്യമായി പങ്കിട്ട വീഡിയോയിൽ, അയുത്തായയിലെ ഫ്രാ ചേഡി ചൈമോങ്കോളിലെ ഒരു ബുദ്ധ പ്രതിമയുടെ മുകളിൽ കയറി നിന്ന് ഒരു സ്ത്രീ മാമ്പഴം പറിക്കുന്നതാണ് കാണുന്നത് . സൽവാർ ധരിച്ച യുവതി പറിച്ചെടുത്ത മാമ്പഴം താഴെ നിൽക്കുന്ന യുവതിയുടെ കൂടിലേക്ക് നിക്ഷേപിക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ വിനോദസഞ്ചാരികൾ ഗൈഡില്ലാതെ യാത്ര ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ,ക്ഷേത്ര ജീവനക്കാർ പൂർണ്ണമായി പട്രോളിംഗ് നടത്താതിരുന്ന വൈകുന്നേര സമയമായിരുന്നു യുവതി പ്രതിമക്ക് മുകളിൽ കയറി മാമ്പഴം പറിച്ചെടുത്തത്.
.
വീഡിയോ വൈറലായതിനു പിന്നാലെ, ക്ലിപ്പിൽ കാണുന്ന വിനോദസഞ്ചാരികൾ ഇന്ത്യക്കാരാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെട്ടു. എന്നിരുന്നാലും, വിനോദസഞ്ചാരികളുടെ ഐഡന്റിറ്റിയോ ദേശീയതയോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കമന്റ് സെക്ഷനിൽ ഒരു ഉപഭോക്താവ് “ഇന്ത്യക്കാർ എപ്പോഴാണ് അതിരുകൾ മനസ്സിലാക്കാനും മറ്റുള്ളവരുടെ മതമൂല്യങ്ങളെ ബഹുമാനിക്കാനും പോകുന്നത്?” എന്ന് ചോദിച്ചു.
മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു, “എല്ലായ്പ്പോഴും ഇന്ത്യൻ വിനോദസഞ്ചാരികൾ അവരുടെ പൗരബോധത്തിന്റെ അഭാവം കൊണ്ട് ഇത് നശിപ്പിക്കുന്നു.” “ഇന്ത്യക്കാർ സമ്പന്നരായേക്കാം, പക്ഷേ അവർക്ക് ക്ലാസ് വാങ്ങാൻ കഴിയില്ല,” ഒരാൾ കുറിച്ചു. “ശരിയാണ്, ഇന്ത്യൻ വിനോദസഞ്ചാരികളെ വെറുക്കുന്നതിൽ ഞാൻ ആളുകളെ കുറ്റപ്പെടുത്തുന്നില്ല,” മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഏതായാലും ഈ സംഭവം വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെയും പുണ്യസ്ഥലങ്ങളിലെ സാംസ്കാരിക സംവേദനക്ഷമതയെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.