ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത്
2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്.
ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ തന്നെ കാത്തി തോണ്‍ടന്റെ 21 മണിക്കൂര്‍ റെകോര്‍ഡാണ് ഭേദിച്ചത്. ലോകത്ത് ഏറ്റവും അധികം സമയം സ്‌പേസ് വാക്ക് നടത്തിയതിന്റെ റെക്കോര്‍ഡ് ഇന്നും സുനിതയ്ക്കാണ്. 9 നടത്തങ്ങളിലായി 62 മണിക്കൂറും 6 മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് സഞ്ചരിച്ചത്.
ഗുജറാത്തില്‍ ജുലാസന്‍ ഗ്രാമത്തില്‍ പിതൃവേരുകളുള്ള സുനിത ബഹിരാകാശ നിലയത്തില്‍ വേറെയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടാമത്തെ യാത്രയില്‍ 2012 ല്‍ സുനിത ബഹിരാകാശ നിലയത്തിലെ കാതലായ ഒരു സാങ്കേതികത്തകരാര്‍ തന്റെ ടുത്ത് ബ്രഷ് ഉപയോഗിച്ച് പരിഹരിച്ചിരുന്നു.
2012 ഓഗസ്റ്റ് 30ന് 8 മണിക്കുറോളം നീണ്ട വലിയ ഒരു ബഹിരാകാശ നടത്തത്തിന് തയാറെടുക്കുമ്പോഴാണ് സുനിതയ്ക്കും ജപ്പാന്‍കാരന്‍ സഹപ്രവര്‍ത്തകന്‍ അകിഹികോ ഹോഷിഡെയ്ക്കും മുന്നില്‍ ഒരു പ്രശ്‌നം വന്നത്. ഒരു വൈദ്യുതി സ്വിച്ചിങ് യൂണിറ്റിന്റെ ബോള്‍ട്ട് നിലയത്തില്‍ തകരാറിലായി.
ഭൂമിയിലെ നിസാരമായകാര്യങ്ങള്‍ പോലും ബഹിരാകാശത്തിന് വലിയ പ്രശ്‌നമാണ് . ബോള്‍ട്ട് വൃത്തിയാക്കിയാല്‍ കാര്യം പരിഹരിക്കാം. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് സംഭവം വൃത്തിയാക്കാമെന്നും സുനിത ഐഡിയ പറഞ്ഞു. ഗ്രൗണ്ട് കണ്‍ട്രോളിലുള്ള നാസയുടെ സാങ്കേതിക വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ സംശയം തോന്നി. തുടര്‍ന്ന് നിലയത്തിലുള്ളവരും അവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു.
അവസാനം സമ്മതമെത്തി. സുനിത ബ്രഷ് ഉപയോഗിച്ച് ബോള്‍ട്ട് വൃത്തിയാക്കിയതോടെ പ്രശ്‌നം പരിഹരിച്ചു. ഹുസ്റ്റമിലെ കണ്‍ട്രോള്‍ സെന്റര്‍ സുനിതയ്ക്ക് അഭിനന്ദനമയച്ചു, നിങ്ങള്‍ ബഹിരാകാശ നിലയത്തെ രക്ഷിച്ചുവെന്നായിരുന്നു ആ സന്ദേശം.