Oddly News

അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ തന്നെയുണ്ടോ? വാസ്തവമെന്ത്? വിവാദമായി ഡോക്യുമെന്ററി

അന്യഗ്രഹജീവികള്‍ ഭൂമിയില്‍ തന്നെ ഉണ്ടെന്ന രീതിയിലുള്ള വാദങ്ങള്‍ പണ്ട് കാലം മുതല്‍ ഉണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം കാണിക്കുന്ന പല സിനിമകളും ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഒരു ഡോക്യുമെന്ററി ഇറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഡാന്‍ ഫറാ സംവിധാനം ചെയ്തിട്ടുള്ള ദ് എജ് ഓഫ് ഡിസ്‌ക്ലോഷറാണ് വിവാദങ്ങള്‍ക്ക് നടുവിലുള്ളത്.

യു എസ് സര്‍ക്കാര്‍, സൈന്യം, ഇന്റലിജന്‍സ് വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 34 പേരുടെ ഇന്റര്‍വ്യൂ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്യുമെന്ററി വരുന്നത്. യുഎസില്‍ നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ ഇത് പ്രദര്‍ശിപ്പിക്കും. നിരവധി വര്‍ഷങ്ങളായി ഏലിയനെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ യു എസ് മൂടിവെച്ചിരിക്കുകയാണ്. നീണ്ട 3 വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് താന്‍ ഡോക്യൂമെന്ററി ഒരുക്കിയതെന്നാണ് ഫറാ പറയുന്നത്.

ലോകത്ത് അന്യഗ്രഹ ജീവികള്‍ എത്തിയതിന് ഒരു തെളിവും ഇല്ല. ശാസ്ത്ര സാങ്കേതികവിദ്യയുടെ കരുത്തില്‍കുതിക്കുന്ന യു എസ് പോലുള്ള രാജ്യങ്ങളിലെ ആളുകളാണ് ഏലിയന്‍ സംബന്ധിച്ചുള്ള വാദങ്ങള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

അന്യഗ്രഹ ജീവികള്‍ പല കാലത്തായി പല രൂപത്തില്‍ ഭൂമിയില്‍ എത്തിയട്ടുണ്ടെന്ന് പല വാദങ്ങളുണ്ട്. പ്രപഞ്ചം വളരെ വിശാലമാണ്. ഒരുപാട് താരാപഥങ്ങളും അതില്‍ തന്നെ കോടിക്കണക്കിന് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റ് മേഖലകളിലുമൊക്കെയായി പ്രപഞ്ചത്തില്‍ വേറെയും ജീവമേഖലകളുണ്ടാകാമെന്ന സാധ്യതയെ ശാസ്ത്രവും വിലയ്‌ക്കെടുക്കുന്നു. അന്യഗ്രഹജീവികളെ ബന്ധപ്പെടാനായി സന്ദേശങ്ങള്‍ അയ്ക്കുന്ന പദ്ധതികള്‍ വളരെ സജീവമാണ്.

1974ല്‍ അരിസിബോ സന്ദേശം എന്നറിയപ്പെടുന്ന അറിയിപ്പായിരുന്നു ആദ്യത്തേത്. ബൈനറി കോഡുകളിലെഴുതിയ ഈ സന്ദേശത്തില്‍ സൗരയൂഥത്തിന്റെ ഒരു മാപ്പും അടങ്ങിയിരുന്നു. പിന്നീട് സെര്‍ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രാരിയന്‍ ഇന്റലിജന്‍സ് തുടങ്ങി സ്ഥാപനങ്ങള്‍ പല സന്ദേശങ്ങള്‍ വിട്ടു. എന്നാല്‍ ഇങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പലപ്പോഴും അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ക്ഷണിച്ചുവരുത്തുന്നു. മനുഷ്യര്‍ക്കും ഗുണപരമായ കാര്യമാകും. പല ലോകങ്ങള്‍ തമ്മിലുള്ള സൗഹൃദവും രൂപപ്പെട്ടേക്കാം. എന്നാല്‍ ചിലപ്പോള്‍ ശക്തരായ ഒരു അന്യഗ്രഹവംശത്തിന്റെ അധിനിവേശത്തെയാകും ഭൂമിക്ക് നേരിടേണ്ടി വരിക. അങ്ങനെ വന്നാല്‍ അത് മനുഷ്യസമൂഹത്തിന് ഗുണകരമാകില്ല. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഉള്‍പ്പെടെയുള്ളവര്‍ അന്യജീവികളെ ബന്ധപ്പെടാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തിനെ എതിര്‍ത്തിരുന്നു.