സുഹൃത്തിനൊരു ആപത്ത് വന്നാല്‍ സ്വന്തം ജീവനും ജീവിതവും പോലും കളഞ്ഞ് കട്ടയ്ക്ക് കൂടെ നില്ക്കുന്ന സുഹൃത്തുക്കള്‍ മനുഷ്യരുടെ ഇടയിലെന്ന പോലെ ജീവജാലങ്ങള്‍ക്കിടയിലും ഉണ്ട് . അക്കൂട്ടത്തിലുള്ളതാണ് ബോര്ണിയയിലെ കാടുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന ഒരിനത്തില്‍പ്പെട്ട ഉറുമ്പുകള്‍. കൊളോബോപ്സിസ് എക്സ്പ്ലോഡന്‍സ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്.
ആപത്ത് മുന്നില്‍ കണ്ട് ശത്രുക്കളെ തോല്പ്പിക്കാനായി ഇവ സ്വയമേ പൊട്ടിത്തെറിക്കും. പ്രധാനമായി ബോര്‍ണിയോ , തായ്ലാന്ഡ് മലേഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖല മഴക്കാടുകളിലെ മരങ്ങളിലാണ് ഇവ താമസിക്കുന്നത്.
കമികസെ ഉറുമ്പ് വിഭാഗത്തില്‍പ്പെട്ടവയാണ് ഇതും. രണ്ടാം ലോകമഹായുദ്ധത്തില്‍ ദൗത്യം നിറവേറ്റുന്നതിനായി മരിക്കാനായി തയ്യാറായ കമികസെ പൈലറ്റുമാരില്‍ നിന്നുമാണ് ഈ പേര് ലഭിച്ചത്. സ്വന്തം കോളനിക്ക് നേരെ ഭീഷണിയായി അക്രമികളെത്തിയാല് അവ ശരീരത്തിന്റെ പിന്‍ഭാഗം ഉയര്‍ത്തിവെച്ച് മുന്നറിയിപ്പ് നല്‍കും. ശത്രുക്കള്‍ വീണ്ടും ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ശരീരം പരമാവധി വളച്ച് വയറിനുള്ളിലെ മസിലില്‍ അധിക സമ്മര്‍ദ്ദം നല്കുമത്രേ.
ഇതിന് പിന്നാലെ വിഷദ്രാവകം ഉള്‍ക്കൊള്ളുന്ന വയറിനുള്ളിലെ ഗ്രന്ഥി വീര്‍ത്ത് ബലൂണ്‍ പോലെയായി പൊട്ടിത്തെറിക്കും. ശത്രുക്കള്‍ അടുത്തെത്തുമ്പോഴായിരിക്കും ഈ തന്ത്രം പ്രയോഗിക്കുന്നത്. ഉറുമ്പിന് ജീവന് നഷ്ടമാകുമെങ്കിലും ശത്രുവിന്റെ ശരീരത്തിലേക്ക് മഞ്ഞനിറത്തിലുള്ള പശമയമുള്ള വിഷ ജെല്‍ ചീറ്റിക്കാനായി ഇതിലൂടെ സാധിക്കുന്നു. ഈ വിഷദ്രാവകം ശരീരത്തിനുള്ളില്‍ എത്തുകയും ജീവനെടുക്കുകയും ചെയ്യും.
എതിരാളിയുടെ മേല്‍ കയറിനിന്നുകൊണ്ടാണ് ഇവ പൊട്ടിത്തെറിക്കുന്നത്. നിമിഷങ്ങള്‍ക്കകം എതിരാളിയെ കൊല്ലുന്ന തരത്തിലുള്ള ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഗവേഷകര്‍ക്ക് അറിവില്ല. എന്നിരുന്നാലും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ഒന്നിലധികം വിഷ വസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് അനുമാനിക്കുന്നത്.
കോളോബോപ്സിസ് എക്സ്പ്ലോഡന്‍സ് വിഭാഗത്തിലെ എല്ലാ ഉറുമ്പുകളും പൊട്ടിത്തെറിക്കാറില്ല.കൂട്ടത്തിലെ ഏറ്റവും ചെറിയ തൊഴിലാളി ഉറുമ്പുകളായിരിക്കും ചാവേറാകുന്നത്.വലിയ ഉറുമ്പുകള്‍ തന്റെ വലിപ്പമുള്ള തലകള്‍കൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്ത് കോളനിയെ സംരക്ഷിക്കുന്നു.കുഞ്ഞന്‍ ഉറുമ്പുകള്ക്കാവട്ടെ പ്രത്യുല്പാദന ശേഷിയില്ല.