Crime Featured Oddly News

സ്വവര്‍ഗ്ഗ വിവാഹത്തില്‍ പോലീസ് റെയ്ഡ് ; നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ

ഡെല്‍റ്റ: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരേ പോലീസ് നടത്തിയ റെയ്ഡില്‍ നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ. തെക്കന്‍ ഡെല്‍റ്റയിലെ എക്‌സ്പാന്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിന് ശേഷം 67 പേരെ കസ്റ്റഡിയില്‍ എടുത്തതായി സംസ്ഥാന പോലീസ് വക്താവ് ബ്രൈറ്റ് എഡാഫെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൈജീരിയയില്‍ സ്വവര്‍ഗരതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണവിധേയമായി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുമെന്നും എഡാഫെ പറഞ്ഞു. തങ്ങള്‍ ആഫ്രിക്കയിലാണ്, ഞങ്ങള്‍ നൈജീരിയക്കാരാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌ക്കാരം ഉണ്ടെന്നും പാശ്ചാത്യ ലോകത്തെ പകര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും എഡാഫേ വ്യക്തമാക്കി. പ്രതികള്‍ വിവാഹ ചടങ്ങ് നടത്തുന്ന വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും പറഞ്ഞു. അതേസമയം വ്യപകമായി പോലീസ് നടത്തിയ അറസ്റ്റിനെതിരേ രോഷം പുകയുന്നുണ്ട്. ഹോട്ടലിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു പോലീസ് അറസ്റ്റ്് നടത്തിയതെന്ന് ആരോപണമുണ്ട്. പോലീസ് നടത്തിയ സംശയാസ്പദമായ പരേഡിന്റെ വീഡിയോയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ താന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നില്ലെന്നും മറ്റൊരു വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ വന്നയാളാണെന്നും പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞത് താന്‍ സ്വവര്‍ഗ്ഗാനുരാഗിയല്ലെന്നും ഫാഷന്‍ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പ്രതികരിച്ചത്. അതേസമയം നൈജീരിയയില്‍ നടന്ന അറസ്റ്റിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. അഴിമതി വ്യാപകമായ ഒരു സമൂഹത്തില്‍, സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിക്കുന്ന നിയമം ആളുകളെ ഉപദ്രവിക്കാനും കൊള്ളയടിക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും കൂടുതലായി ഉപയോഗിക്കുകയാണെന്ന് ‘ നൈജീരിയയിലെ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ ഇസ സനുസി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. സ്വവര്‍ഗാനുരാഗികളുടെ അറസ്റ്റുകള്‍ രാജ്യത്ത് സാധാരണമാണ്. കുറ്റവാളികള്‍ക്ക് 14 വര്‍ഷം വരെ തടവും കൂട്ടാളികള്‍ക്ക് 10 വര്‍ഷം വരെ തടവു ലഭിക്കാവുന്നതുമായ ശിക്ഷയാണ്. മുന്‍കാലങ്ങളില്‍, നൈജീരിയന്‍ പോലീസ് സ്വവര്‍ഗ്ഗാനുരാഗ നിരോധന നിയമം ഉപയോഗിച്ച് കൂട്ട അറസ്റ്റുകള്‍ നടത്തുന്നുവെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു, അതില്‍ ചിലപ്പോള്‍ നേരായ ആളുകളും ഉള്‍പ്പെടുന്നു.