Featured Oddly News

മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഗതം! നമുക്ക് പുതിയൊരു ‘മത’മാകാം; കോടീശ്വരൻ ബ്രയാൻ ജോൺസൺ

നിർമിത സാങ്കേതിക ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ് ലോകത്തിന്റെ സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ബുദ്ധിയുടെ (AI) അതിവേഗ വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്.

പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മരിക്കാതിരിക്കുക’ (ഡോണ്ട് ഡൈ) എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്ക് നമ്മൾ സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു. തന്റെ പുതിയ ആപ്പും പരിചയപ്പെടുത്തി. ഈ ആശയത്തെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റാൻ, ആപ്പ് ഡൗൺലോഡ് ചെയ്‌ത്, അവരുടെ “Don’t Die സ്കോർ” ട്രാക്ക് ചെയ്‌ത്, മറ്റുള്ളവരുമായി ബന്ധിപ്പിച്ച്, പ്രാദേശിക കമ്മ്യൂണിറ്റികൾ ആരംഭിച്ച് “Don’t Die Citizens” ആകാൻ അദ്ദേഹം ആളുകളെ ക്ഷണിച്ചു.

‘‘ മരണത്തെ അതിജീവിക്കുക എന്നത് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രമായി മാറിമാറിക്കഴിഞ്ഞു. അത് മനുഷ്യവർഗത്തെ രക്ഷിക്കുന്നു. നിങ്ങൾ ഈ ആശയത്തിലേക്ക് വളരെ നേരത്തെ തന്നെ കടന്നു വരാൻ ആഗ്രഹിക്കുന്നവരാണോ അതോ വൈകി വരാൻ ആഗ്രഹിക്കുന്നവരാണോ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ അതിനുള്ള ശ്രമത്തിലായിരുന്നു. കൃത്യസമയത്ത് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, പോഷകാഹാരം കഴിക്കുക. ശരീരത്തിലെ എല്ലാ അവയവങ്ങളും നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വിഷവസ്തുക്കളെ ഇല്ലാതാക്കുക, സമ്മർദ്ദം കുറയ്ക്കുക, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിയുക. ഇതൊക്കെയായിരുന്നു ഞാൻ ചെയ്തു വന്നിരുന്നത്. തൽഫലമായി ലോകചരിത്രത്തിൽ തന്നെ ഏറ്റവും പതിയെ പ്രായമാകുന്ന വ്യക്തി ഞാനാണ്. ശാസ്ത്രവും ചില പ്രോട്ടോക്കോളുകളുമാണ് ഇതിന് എന്നെ സഹായിച്ചത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്’

ജോൺസൺ തന്റെ പുതിയ ആപ്പ് പരിചയപ്പെടുത്തുകയും 25-ാം നൂറ്റാണ്ടോടെ “ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നവരായി” മാറാൻ പ്രസ്ഥാനത്തിൽ ചേരാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. കുറിപ്പിന്റെ അവസാനത്തിൽ ഒരു ലിങ്കും അദ്ദേഹം ചേർത്തിട്ടുണ്ട്. തന്റെ ആശയത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരോട് ആ ലിങ്കിൽ ക്ലിക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഈ ആശയത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിലർ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ ഇദ്ദേഹത്തെ വിമർശിക്കുകയും ചെയ്യുന്നു. പണം തട്ടാനുള്ള വെറും തന്ത്രമാണോ എന്ന് സംശയം പ്രകടിപ്പിച്ചവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *