Featured Oddly News

വിമാനത്തിനുള്ളിൽ നഗ്നയായി ബഹളം വെച്ച് യുവതി, സംഘർഷാവസ്ഥ- വീഡിയോ

സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിമാനം പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ വസ്ത്രങ്ങളഴിച്ച് നഗ്നയായി നടന്ന യുവതി വിമാനത്തിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റിൽ ഇടിക്കുകയും ഒരു ഫ്ലൈറ്റ് ജീവനിക്കാരിയോട് മോശമായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങളാണിത്.

ഹ്യൂസ്റ്റണിൽ നിന്നുള്ള വിമാനം ഫീനിക്സിലേക്ക് പോകുകയായിരുന്നു. റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് യുവതിയുടെ പ്രകടനം. വിമാനം ഒടുവിൽ ഗേറ്റിലേക്ക് മടങ്ങി വരുകയും പോലീസ് അവരെ വിമാനത്തിൽ നിന്നിറക്കി ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

മാർച്ച് 3ന് ടെക്സസിലെ ഹൂസ്റ്റണിലെ ഹോബി എയർപോർട്ടിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പറന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 733 ലാണ് സംഭവം. വിമാനം പുറപ്പെട്ടതും യുവതി എഴുന്നേറ്റു ക്യാബിന്റെ മുൻഭാഗത്തെത്തി, തുടർന്ന് കോക്പിറ്റ് അടക്കമുള്ള ഭാഗങ്ങളിൽ ഇടിച്ചു. താൻ ബൈപോളാർ ആണെന്നും ഉടൻ തന്നെ വിമാനം നിർത്തണെമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.

സീറ്റിൽ നിന്നെഴുന്നേറ്റ യുവതി നിലവിളിക്കുകയും മുകളിലേക്കും താഴേക്കും ചാടുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ വിമാനം നിർത്താതെ വന്നതോടെ യുവതി വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുകയായിരുന്നു. ഇതെല്ലാം കണ്ട് കുട്ടികൾ ഉൾപ്പെടെ പരിഭ്രാന്തരായ യാത്രക്കാർ അവരുടെ സീറ്റുകളിൽ ഇരിക്കുമ്പോൾ യുവതി നഗ്നയായി വിമാനത്തിനുള്ളിലൂടെ വേവലാതിപ്പെട്ട് നടക്കുകയായിരുന്നു. “യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നുള്ളത് വ്യക്തമാണ്” എന്ന് യാത്രക്കാരിലൊരാൾ എബിസി 10 നോട് പറഞ്ഞു.

യുവതി കോക്പിറ്റിൽ കയറാൻ പോലും ശ്രമിച്ചു. ഏകദേശം 25 മിനിറ്റോളമാണ് യുവതി യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. തുടർന്ന് വിമാനം ഗേറ്റിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വിമാനത്തിൽ കയറിയ ഉദ്യോഗസ്ഥർ യുവതിയെ പുതപ്പ് കൊണ്ട് പൊതിഞ്ഞ് വിമാനത്തിന് പുറത്തിറക്കുകയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് വിമാനം ഒരു മണിക്കൂറിലേറെ വൈകി. ഇതിൽ ഖേദം പ്രകടിപ്പിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസും രംഗത്തെത്തി. നഷ്ടപരിഹാരമായി വിമാനക്കമ്പനി യാത്രക്കാർക്ക് 50 ഡോളർ വൗച്ചറുകളാണ് നൽകിയത്. അതേസമയം യുവതിക്കെതിരെ നിലവിൽ കുറ്റങ്ങൾ ഒന്നും ചുമത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *