മുംബൈയിൽ മൂന്നുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ലിഫ്റ്റിനുള്ളിലിട്ട് ഒരു സ്ത്രീയും അവരുടെ ഏഴുവയസുള്ള മകനും ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്.
കുട്ടിക്കൊപ്പമുണ്ടായിരുന്ന കെയർടേക്കർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റിനുള്ളിലുള്ള സ്ത്രീയും അവരുടെ മകനും കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നുവയസുകാരന്റെ പിതാവ് പോലീസിൽ പരാതി നൽകി. അറസ്റ്റ് ഒഴിവാക്കിയതിനാൽ, അധികൃതർ പ്രതിക്ക് നോട്ടീസ് നൽകുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്.
ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, ബാന്ദ്ര കുർള കോംപ്ലക്‌സിന് സമീപമുള്ള ഉയർന്ന കെട്ടിടമായ കനകിയ പാരീസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തവന്നിരിക്കുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ ഒരു സ്ത്രീയും അവളുടെ ഏഴുവയസ്സുള്ള മകനും ലിഫ്റ്റിനുള്ളിൽ നിന്ന മൂന്ന് വയസ്സുള്ള കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുന്നതാണ് കാണുന്നത്. ഏഴുവയസുകാരൻ പിഞ്ചുകുഞ്ഞിനെ ആവർത്തിച്ച് അടിക്കുന്നതായിട്ടാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. തുടർന്ന് അവന്റെ അമ്മ വീണ്ടും വീണ്ടും പിഞ്ചുകുഞ്ഞിനെ അടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്.
മൂന്നുവയസുകാരന്റെ ഇളയ സഹോദരനെ എടുത്തിരുന്നതിനാൽ കെയർടേക്കർ ഇടപെടാൻ ശ്രമിച്ചെങ്കിലും ആക്രമണം തടയാൻ കഴിയാതെ പോകുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയങ്ക എന്ന് പേരുള്ള യുവതിയും അവരുടെ ഏഴുവയസുള്ള മകനുമാണ് ആക്രമണത്തിന് പിന്നിലെന്നു പോലീസ് തിരിച്ചറിഞ്ഞു.
ആക്രമണത്തെ തുടർന്ന് മൂന്നുവയസുകാരന്റെ പിതാവ് ശ്രീനിവാസൻ രാമചന്ദ്രൻ പ്രതികൾക്കെതിരെ പരാതി നൽകി. തുടർന്ന് മുംബൈ പോലീസ് സ്വമേധയാ മുറിവേൽപ്പിക്കുന്നത് കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സന്ഹിത (ബിഎൻഎസ്) നിയമത്തിലെ സെക്ഷൻ 115 (2) പ്രകാരം യുവതിക്കെതിരെ കേസെടുത്തു. എന്നാൽ, കുറ്റകൃത്യം ഗുരുതരമല്ലാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനു പകരം നല്ലനടപ്പ് നിർദേശിച്ചുകൊണ്ട് പ്രതിക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.