രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി അറിയാത്ത ഇന്ത്യക്കാരില്ല. എന്നാല്‍ ഇന്ത്യക്കാരെയും അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം 2004ല്‍ അരങ്ങേറി. ഇന്ത്യയുടെ അഭിമാനമായ ടാഗോറിന്റെ നോബേല്‍ പുരസ്‌കാരം മോഷ്ടിക്കപ്പെട്ടു. ഗീതാഞ്ജലി എന്ന കവിതാസമാഹാരത്തിന് 1913ലായിരുന്നു അദ്ദേഹത്തിന് നോബേല്‍ സമ്മാനം ലഭിച്ചത്.
ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലായിരുന്നു മോഷണം നടന്നത്. ഒപ്പം ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടാഗോറിന്റെ വ്യക്തഗത സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വിപുലമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല.
സമ്മാനം തിരികെ ലഭിക്കാത്തതിനാല്‍ 2004ല്‍ സ്വീഡിഷ് സര്‍ക്കാർ ടാഗോറിന്റെ പുരസ്‌കാരത്തിന്റെ 2 പകര്‍പ്പുകള്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റിക്ക് സമ്മാനിച്ചു. ഇതില്‍ ഒന്ന് സ്വര്‍ണത്തിലും മറ്റേത് വെങ്കലത്തിലും നിര്‍മ്മിച്ചതായിരുന്നു.
2016ല്‍ പശ്ചിമ ബംഗാളിലെ ബൗള്‍ ഗായകനായ പ്രദീപ് ബൗരിയെ മോഷണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഒരു ബംഗ്ലാദേശി സ്വദേശിയും രണ്ട് യൂറോപ്യന്‍ കുറ്റവാളികളും മോഷണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം. മെഡല്‍ മോഷ്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭയം നല്‍കുകയും അവരെ സംസ്ഥാനത്തിന് പുറത്തേക്ക് പോകാനായി സഹായിക്കുകയും ചെയ്തുവെന്നാണ് ബൗരിക്കെതിരെയുള്ള ആരോപണം. എന്നാല്‍ തെളിവില്ലാത്തതിനാൽ ഇയാളെ വിട്ടയച്ചു.
ഇപ്പോളും മോഷ്ടിക്കപ്പെട്ട ഈ പുരസ്‌കാരം കണ്ടെത്തിയിട്ടില്ല. സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം സ്വന്തമാക്കിയ കൈലാഷ് സത്യാര്‍ഥിയുടെയും മെഡലും ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഡല്‍ഹിയിലെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ നഷ്ടമായത് നോബെല്‍ പുരസ്‌കാരത്തിന്റെ പകര്‍പ്പായിരുന്നു. കുറച്ച് ദിവസത്തിനകം അത് പോലീസ് കണ്ടെത്തിയിരുന്നു. ടാഗോറിന്റെ പുരസ്‌കാരം കണ്ടെത്താനായി സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേസില്‍ പുരോഗതി ഉണ്ടായില്ല.