പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം…..
ഉയര്‍ന്ന കാലറി ഇല്ലാതാക്കുന്നു – ജിമ്മില്‍ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഏറെ ഫലപ്രദമാണ് ദിവസേനയുളള നടത്തം. കാലറി എരിച്ചു കളയാനും അധിക ഭാരം നിയന്ത്രിക്കാനും നടത്തം ഒരു മികച്ച മാര്‍ഗമാണ്. കൂടാതെ, ഇത് കാലുകള്‍, കോര്‍, ഇടുപ്പ് എന്നിവയെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. ജിമ്മിലെ പോലുളള തീവ്രവും കഠിനവുമായ പ്രവര്‍ത്തികള്‍ ഒന്നും തന്നെ അരമണിക്കൂര്‍ നടത്തത്തിനു ആവശ്യമായി വരുന്നില്ല.
അസ്ഥികള്‍ ബലപ്പെടുന്നു – നടത്തം ഒരു ഭാരം താങ്ങുന്ന വ്യായാമമാണ്, ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ഒടിവുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അസ്ഥികള്‍ക്കു കിട്ടുന്ന ഒരു ചെറിയ വ്യായാമമായി നടത്തത്തിനെ കരുതാം. അസ്ഥികള്‍ ഉറപ്പുള്ളതും ശക്തവുമായി നിലനിര്‍ത്താന്‍ നടത്തം സഹായിക്കുന്നുണ്ട്.
ഊര്‍ജ്ജം ലഭിക്കുന്നു – അരമണിക്കൂര്‍ നടത്തം ഊര്‍ജ്ജനഷ്ടം കുറച്ച് കൂടുതല്‍ ഊര്‍ജ്ജം ശരീരത്തിനു നല്‍കുന്നു. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ഓക്‌സിജനും പോഷകങ്ങളും കോശങ്ങളിലേക്കു ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതുവഴി ഉന്‍മേഷവും ശക്തിയും ലഭിക്കുന്നു.
രോഗപ്രതിരോധശേഷി കൂട്ടുന്നു – പതിവായി നടക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗൃം വര്‍ധിപ്പിക്കുവാനും സാധിക്കുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു – മാനസികാവസ്ഥ സ്വാഭാവികമായി ഉയരുമ്പോള്‍ ദേഷ്യമോ സമ്മര്‍ദ്ദമോ ഒക്കെ അനുഭവപ്പെടാം. 30 മിനിറ്റ് നടത്തം കൊണ്ട് അത്തരം വികാരങ്ങളെ ലഘൂകരിക്കാന്‍ കഴിയുന്നതാണ്. ‘ഫീല്‍-ഗുഡ്’ ഹോര്‍മോണുകള്‍ എന്നു അറിയപ്പെടുന്ന എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഈ അരമണിക്കൂര്‍ വൃായാമം സഹായിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദരോഗ ലക്ഷണങ്ങള്‍ എന്നിവയെ കുറയ്ക്കുന്നു.
ശരിയായ ഉറക്കം ലഭിക്കുന്നു – ദിവസേനയുള്ള നടത്തം ഉറക്കം ക്രമീകരിക്കാന്‍ സഹായിക്കും, അതുവഴി നന്നായി ഉറങ്ങാനും ഉറക്കം എളുപ്പമാക്കാനും സഹായിക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കുകയും ശരീരത്തിന്റെ സ്വാഭാവിക താളം നിയന്ത്രിക്കാനും കഴിയുന്നു.