ജനനം, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തായി നിരവധി ആചാരങ്ങളുണ്ട്. അതില്‍ ചിലതെങ്കിലും നമ്മുക്ക് വിചിത്രമായും തോന്നിയേക്കാം. അത്തരത്തില്‍ വിചിത്രമായ ഒരു ആചാരം ഇന്തോനേഷ്യയിലെ ടിഡോങ്ങ് ഗോത്രത്തില്‍പ്പെട്ടവര്‍ക്കിടയിലും ഉണ്ട്. വിവാഹം ചെയ്ത വധുവരന്മാരെ തൊട്ടടുത്ത മൂന്ന് ദിവസത്തേക്ക് ശുചിമുറിയില്‍ പോകാനായി അനുവദിക്കില്ല.
നവദമ്പതികളുടെ ദാമ്പത്യ ബന്ധത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാനാണത്രേ ഇങ്ങനെ ഒരു ആചാരം. ഈ ഗോത്രക്കാര്‍ക്കിടയില്‍ വിവാഹം ഒരു വിശുദ്ധമായ കാര്യമാണ്. വിവാഹത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വധൂവരന്മാര്‍ ശുചിമുറി ഉപയോഗിച്ചാല്‍ അത് നിര്‍ഭാഗ്യത്തിനും വേര്‍പിരിയലിനും അശുദ്ധിക്കും എന്തിന് മരണത്തിന് വരെ കാരണമാകുമെന്നാണ് വിശ്വാസം. അതിനാല്‍ കുടുംബാംഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും നവദമ്പതികള്‍. ഇനി അവര്‍ പതിവ് തെറ്റിക്കാനായി ശ്രമിച്ചാല്‍ പുറം ലോകം കാണിക്കാതെ മുറിയില്‍ പൂട്ടി ഇടുന്നവര്‍ പോലും ഉണ്ട്.
നവദമ്പതില്‍ ശുചി മുറിയില്‍ പ്രവേശിച്ചാല്‍ പ്രതികൂല ഊര്‍ജം അവരില്‍ നിറയുമെന്നാണ് ടിഡോങ്ങ് ഗോത്രവര്‍ഗക്കാരുടെ വിശ്വാസം. പിന്നീട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് ശുചി മുറിയില്‍ പോകാൻ തോന്നാതിരിക്കാനായി കുറഞ്ഞ അളവില്‍ മാത്രമാണ് ഭക്ഷണവും വെള്ളവും കൊടുക്കൂ. ഈ മൂന്ന് ദിവസം ഇവര്‍ ശുചി മുറി ഉപയോഗിക്കാതെ ഇരുന്നാല്‍ വരും കാലങ്ങളില്‍ അവര്‍ പരസ്പരമുള്ള പ്രതിബദ്ധത പുലര്‍ത്തി ജീവിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
വിചിത്രമായി തോന്നുമെങ്കിലും ടിഡോങ് ജനതയ്ക്ക് അവരുടെ പൈതൃകം കാത്ത് സൂക്ഷിക്കാനുള്ള പ്രധാന ചടങ്ങാണിത്. എന്നാല്‍ ഇത് തികച്ചും അനാരോഗ്യകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാഭാവികമായ ശരീരപ്രവര്‍ത്തനങ്ങള്‍ നടക്കാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. എന്നാലും തന്റെ പാരമ്പര്യവും വിശ്വാസവും കാത്ത് സൂക്ഷിക്കുകയാണ് ഈ ജനത.