Health

വീട്ടില്‍ എത്തിയ ഉടനെ മൂത്രമൊഴിക്കാനായി തോന്നാറുണ്ടോ? രോഗമാണോ ഈ വിചിത്ര മൂത്രശങ്ക ?

പുറത്ത് എവിടെ എങ്കിലും പോയി തിരിച്ച് വരുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ മൂത്രമൊഴിക്കാനായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്നാല്‍ ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ‘ലാച്ച്കീ ഇന്‍കോണ്ടിനന്‍സ്’ എന്നാണ് പേര്. വീട്ടിലെത്തുന്ന സമയത്തെ ഉടനെ മൂത്ര സഞ്ചി കാലിയാക്കാനുള്ള സന്ദേശമായി തലച്ചോര്‍ പരിഗണിക്കുന്നതാണ് ലാച്ച്കീ ഇന്‍കോണ്ടിനന്‍സിന് പിന്നിലുള്ള രഹസ്യം.

പ്രശ്‌നമുള്ളവര്‍ക്ക് വീടിന്റെ താക്കോലുകള്‍ കിലുങ്ങുന്ന ശബ്ദമോ ഡോര്‍ തുറക്കുന്ന ശബ്ദമോ കേട്ടാല്‍ തന്നെ മൂത്രമൊഴിക്കാനായി മുട്ടുമെന്ന് മുംബൈ വോക്ക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ മുകുന്ദ് അണ്ടാങ്കര്‍ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വീടിന്റെ വാതിലിനെപ്പറ്റി ചിന്തിച്ചാല്‍ കൂടി സംഭവിക്കാമെന്നും ടാപ് തുറന്ന് വെള്ളമൊഴുകുന്ന ശബ്ദം മതിയാകും ചിലര്‍ക്ക് ട്രിഗറാകാനെന്നും ദ ജേണല്‍ ഓഫ് നഴ്‌സ് പ്രാക്ടീഷ്യനേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.

ഓവര്‍ ആക്ടീവായ മൂത്രസഞ്ചിയുള്ളവരിലും മൂത്രനാളിയുമായി ബന്ധപ്പെട്ടുള്ള അണുബാധയുള്ളവരിലും ദുര്‍ബലമായ പെല്‍വിക് പേശികള്‍ ഉള്ളവരിലും ഉത്കണ്ഠ അധികമായി ഉള്ളവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലും പ്രസവാനന്തരം ചില സ്ത്രീകളിലും ഇത് വരാറുണ്ട്. പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്കും ഇത് വരാവുന്നതാണ്.

ഉയര്‍ന്ന തോതില്‍ കഫൈന്‍ ഉപയോഗിക്കുന്നതുമൂലമുള്ള നിര്‍ജലീകരണം, ചില മരുന്നുകള്‍ എന്നിവ ഈ അവസ്ഥയെ കൂടുതല്‍ മോശമാക്കും. കെഗല്‍ എക്‌സര്‍സൈസ് പോലുള്ളവ ചെയ്ത് പെല്‍വിക് ഫ്‌ളോര്‍ പേശികളെ ശക്തിപ്പെടുത്തുന്നതും ബ്ലാഡര്‍ കണ്‍ട്രോള്‍ പരിശീലിക്കുന്നതും വളരെ അധികം സഹായിക്കും. വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ മറ്റെത്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റാനായി ശ്രമിക്കുന്നതും നല്ല ടെക്‌നിക്കാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെയും സഹായം തേടാം.