Featured Lifestyle

മുടി തഴച്ചു വളരും, കറുത്തനിറവും തിളക്കവുമുള്ള മുടി; പക്ഷേ ഈ ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം

നല്ല കറുത്തനിറവും തിളക്കവുമുള്ള മുടി സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ഭാഗമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ തെളിവ് കൂടിയാണിത്. അഴകും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാന്‍ വഴികളേറെയുണ്ട്. പക്ഷേ ജീവിത ശൈലിയില്‍ അല്പം ചിട്ടകള്‍ പാലിക്കാന്‍ തയാറാകണം.

ജീവകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പിനും അത്യന്താപേക്ഷിതമാണ്. ജീവകം എ, ഇ, സി, ബി12, ബി6, ബി3 എന്നിവയ്ക്കുള്ള പ്രാധാന്യം കൂടുതലാണ്. ചീസ്, പാല്‍, മുട്ട, മീനെണ്ണ, മാംസം, ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ജീവകം എ അടങ്ങിയിരിക്കുന്നു. മുടി തിളങ്ങാനും എണ്ണമയം വേണ്ട അളവില്‍ തലയോട്ടിയിലെ ചര്‍മത്തിലുണ്ടാകുന്നതിനും ഇത് സഹായിക്കും. മാത്രമല്ല മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും മുടികൊഴിച്ചില്‍ തടയാനും ജീവകം എ ഫലപ്രദമാണ്.

ജീവകം ഇ ആണ് മറ്റൊരു പ്രധാന ഘടകം. സസ്യഎണ്ണകള്‍, അണ്ടിപ്പരിപ്പുകള്‍, ഉണങ്ങിയ പയറുവര്‍ഗങ്ങള്‍, പച്ചനിറമുള്ള പച്ചക്കറികള്‍, സോയാബീന്‍ എന്നിവയില്‍ ജീവകം ഇ ഉണ്ട്. തലയോട്ടിയിലെ രക്തപ്രവാഹം ത്വരിതഗതിയിലാകാന്‍ ഇ ജീവകം ആവശ്യമാണ്. തലയോട്ടിയിലെ ചര്‍മം എണ്ണമയമുള്ളതായിരിക്കാന്‍ ജീവകം ഇ സഹായിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം ബലമുള്ള മുടിയുണ്ടാകുവാനും ജീവകം സി ആവശ്യമാണ്. പൈനാപ്പിള്‍, പുളിയുള്ള പഴങ്ങള്‍, പച്ചനിറമുള്ള പച്ചക്കറികള്‍, തക്കാളി, നെല്ലിക്ക തുടങ്ങിയവയില്‍ ജീവകം സി ധാരാളമുണ്ട്.

മുടി കൊഴിച്ചില്‍ തടയാന്‍ ജീവകം ബി12 ഉത്തമമാണ്. പാല്‍, പാലുല്‍പന്നങ്ങള്‍, കോഴി, മത്സ്യം എന്നിവയില്‍ ഇത് അടങ്ങിയിരിക്കുന്നു.
ബി6 മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന മറ്റൊരു ജീവകമാണ്. ധാന്യങ്ങള്‍, കരള്‍, യീസ്റ്റ്, മാംസം മുട്ടയുടെ മഞ്ഞ എന്നിവയില്‍ ഈ ജീവകം അടങ്ങിയിരിക്കുന്നു. തലയോട്ടിയിലെ ചര്‍മത്തില്‍ എണ്ണമയം സൂക്ഷിക്കാനും രക്തപ്രവാഹം ശരിയായരീതിയിലാകാനും ജീവകം ബി3 ആവശ്യമാണ്. ‘നിയാസിന്‍’ എന്നും ഈ ജീവകം അറിയപ്പെടുന്നു. മാംസം, മത്സ്യം എന്നിവയില്‍ ജീവകം ബി3 അടങ്ങിയിരിക്കുന്നു.