ഇന്നത്തെ കാലത്ത് കുട്ടികളുടേമേൽ മൊബൈൽ ഫോണുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനും മനോഹരമായ പുറം ലോകത്തെ കാഴ്ച്ചകൾ അവരിൽ നിന്ന് മൂടിവെക്കാനും മാതാപിതാക്കളിൽ നിന്ന് അവരെ അകറ്റാനും മൊബൈൽ ഫോണുകൾക്ക് കഴിയും എന്നത് വേദനജനകമായ സത്യമാണ്.
മൊബൈൽ ആണ് തങ്ങളുടെ ലോകം എന്നു ചിന്തിച്ചു നടക്കുന്ന കുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട്. അവ ഇല്ലാതെ വരുമ്പോൾ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും കടുത്ത ആശങ്ക ഉയർത്തുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടത്ര തയ്യാറെടുക്കാതെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചിലവഴിച്ചതിന് അമ്മ ശകാരിച്ചതിനെ തുടർന്ന് ബംഗളുരുവിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്തയാണ് ഏറെ ഞെട്ടൽ സൃഷ്ടിക്കുന്നത്.
ബുധനാഴ്ചയാണ് സംഭവം. വൈറ്റ്ഫീൽഡ്-ഹോസ്‌കോട്ട് റോഡിലെ അസറ്റ്സ് മാർക്കിൽ താമസിക്കുകയും വൈറ്റ്ഫീൽഡിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ പഠിക്കുകയുമായിരുന്നു അവന്തിക ചൗരസ്യ എന്ന 15 വയസ്സുകാരിയാണ് അമ്മ ശകരിച്ചതിനെ തുടർന്ന് സ്വയം ജീവനൊടുക്കിയത്.
മരണത്തിനു പിന്നിൽ മറ്റ് കാരണങ്ങളുണ്ടെങ്കിൽ അത് കണ്ടെത്താൻ ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീൽഡ്), ശിവകുമാർ ഗുണാരെ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
സംഭവത്തിൽ കടുഗോഡി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. രാവിലെ 11.30ഓടെയാണ് സംഭവവിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബോർഡ് പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങാനിരുന്നതായി കണ്ടെത്തി.
മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതും പഠിക്കാൻ അമ്മ ശകാരിച്ചതും അന്വേഷണത്തിൽ പോലീസ് ചൂണ്ടിക്കാണിച്ചു. ഇതിനുശേഷം, പെൺകുട്ടി വിഷമിച്ച് അവളുടെ മുറിയിലേക്ക് പോയി, തുടർന്ന് ഡോർ ലോക്ക് ചെയ്യുകയും ജീവനെടുക്കുകയും ആയിരുന്നു.
സംഭവസമയത്ത് എൻജിനീയറായ ചൗരസ്യയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു. അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചൗരസ്യയുടെ കുടുംബം മധ്യപ്രദേശിൽ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )