Featured Oddly News

ജോലിക്കിടെ മദ്യപിക്കാം, ബോസ് തന്നെ മദ്യം കൊണ്ടുവന്ന് ജീവനക്കാര്‍ക്കൊപ്പം കുടിക്കും; ‘ഹാംഗ് ഓവര്‍’ മാറാന്‍ ലീവ് ! കാരണമുണ്ട്

ജോലിസ്ഥലത്ത് മദ്യപിക്കാന്‍ അവസരം. പിന്നീട് അതിന്റെ ഹാംഗ് ഓവര്‍ മാറാന്‍ ലീവും. ഒരു ജാപ്പനീസ് ടെക് കമ്പനിയുടേതാണ് ഓഫര്‍. ഒസാക്കയിലെ ഒരു ചെറിയ ടെക്നോളജി കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകര്‍ഷകമായ വേതനം വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമര്‍ത്ഥമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഈയിടെ തങ്ങളുടെ ജീവനക്കാര്‍ക്ക് ജോലി സമയത്ത് സൗജന്യ മദ്യപാനവും അവരുടെ ക്ഷീണം മാറ്റാന്‍ ഹാംഗ് ഓവര്‍ ലീവുകളും വാഗ്ദാനം ചെയ്തുകൊണ്ട് ‘ട്രസ്റ്റ് റിംഗ് കോ. ലിമിറ്റഡ്’ എന്ന സ്ഥാപനമാണ് വൈറലായിരിക്കുന്നത്. പുതിയ പ്രതിഭകളെ ആകര്‍ഷിക്കാന്‍ കോര്‍പ്പറേറ്റുകള്‍ തുടക്കത്തിലേ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കെ, അവയോട് മത്സരിച്ച് പ്രാരംഭ വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട് മികച്ചവരെ സ്വന്തമാക്കാന്‍ ഓപ്ഷനുകള്‍ ഇല്ലാതെ വരുന്ന ചെറുകിട, ഇടത്തരം കമ്പനികളാണ് ഐഡിയ മാറ്റിപ്പിടിച്ചിരിക്കുന്നത്.

ജോലിക്കിടയിലുള്ള മദ്യപാനം സാധാരണഗതിയില്‍ ഒരു മോശം അഭിപ്രായമാണ്. എന്നാല്‍ ഒസാക്കയിലെ മിഡോറിബാഷിയിലുള്ള ഒരു ചെറിയ ടെക്നോളജി കമ്പനി ഒരു പ്രത്യേക ആനുകൂല്യത്തിന്റെ ഭാഗമായി ബോസ് തന്നെ മദ്യം കൊണ്ടുവന്ന് തന്റെ ജീവനക്കാര്‍ക്കൊപ്പം കുടിക്കും. ചില ജീവനക്കാര്‍ക്ക് ഹാംഗ് ഓവര്‍ മാറാന്‍ ലീവ് നല്‍കുന്നതും ജോലിയ്ക്ക് വൈകി വരുന്നതും അനുവദനീയമായ കാര്യമാണ്.

തന്റെ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ കഴിയാത്തതിനാലാണ് താന്‍ ഈ അസാധാരണ ആനുകൂല്യങ്ങളുമായി എത്തിയതെന്ന് ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡിന്റെ സിഇഒ വിശദീകരിച്ചു. ശമ്പളത്തിന്റെ കാര്യത്തില്‍ വന്‍കിട കോര്‍പ്പറേഷനുകളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നത് ഒരു പരാജയമായിരുന്നു. തുടര്‍ന്നാണ് ആളുകള്‍ക്ക് പണത്തേക്കാള്‍ വിലമതിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം ചെയ്യേണ്ടിവന്നത്.