breath
Featured Health

വായ്‌നാറ്റമുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…

വായ്നാറ്റം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്നാറ്റത്തിനു കാരണമാകാറുണ്ട്. ആളുകള്‍ നിങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി പോലും വായ്‌നാറ്റം മാറാം. വായ്നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം ഉണ്ടാകും. വായ്‌നാറ്റം ഒഴിവാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

* ദന്തശുചിത്വം ഉറപ്പാക്കുക എന്നതാണ് വായ്നാറ്റം ഉള്ളവര്‍ ആദ്യം ചെയ്യേണ്ടത്. ദിവസവും രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യുക. ഡെന്റല്‍ ഫ്ളോസ് അല്ലെങ്കില്‍ ഇന്റര്‍ ഡെന്റല്‍ ബ്രഷ് ഉപയോഗിച്ചും പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് നീക്കം ചെയ്യുക.

* ദന്തക്ഷയം, മോണയിലുണ്ടാകുന്ന പഴുപ്പ്, മോണവീക്കം, നാവിലുണ്ടാകുന്ന പൂപ്പല്‍, മറ്റ് ദന്തരോഗങ്ങള്‍ എന്നിവയൊക്കെ വായ്‌നാറ്റത്തിന് കാരണമാകും. മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന വിവിധ രോഗങ്ങള്‍, മൂക്കിലുള്ള പഴുപ്പ്, സൈനസൈറ്റിസ്, ശ്വാസകോശ രോഗങ്ങള്‍, ശബ്ദനാളത്തിലെ അണുബാധ എന്നിവ മൂലവും വായ്‌നാറ്റം ഉണ്ടാകാം.

* ഭക്ഷണം കഴിച്ചതിനു ശേഷം അവശിഷ്ടങ്ങള്‍ വായയില്‍ തങ്ങി നില്‍ക്കുന്നതും ബാക്റ്റീരിയയുടെ വളര്‍ച്ചയും വരെ വായ്‌നാറ്റത്തിന് കാരണമാകുന്നു. വായില്‍ ഉമിനീരിന്റെ അളവില്‍ വരുന്ന വ്യത്യാസവും വായ്നാറ്റത്തിന് കാരണമാകുന്നുണ്ട്.

* വായ്നാറ്റം ഉള്ളവര്‍ വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായിലെ ജലാംശം നഷ്ടപ്പെടുത്തുന്ന പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുകയും വേണം.

* ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകും.  പുകവലിയാണ് വായ്‌നാറ്റത്തിന്റെ മറ്റൊരു പ്രധാനകാരണം.

* രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ വരികയും അവ പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരുന്ന അണുബാധ ഉണ്ടാകുകയും ചെയ്യുന്നതോടെ രൂക്ഷമായ ദുര്‍ഗന്ധം വായില്‍ നിന്നും ഉണ്ടാകും. മാത്രമല്ല രാത്രിയില്‍ പല്ലുകള്‍ വൃത്തിയാക്കാതെ ഇരിക്കുന്നത് ദന്തക്ഷയം ഉണ്ടാകാനും കാരണമാകും.