Featured Lifestyle

മൂന്ന് ബെൻസ് കാറിന്റെ വില; കോടികളുടെ അത്യാഢംബര നെയിൽ പോളിഷ് സ്വന്തമാക്കി 25പേർ

നഖങ്ങള്‍ക്ക് മനോഹരമായ നിറം നല്‍കാനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാനായി ആളുകള്‍ തയ്യാറാകും. 20 രൂപ മുതല്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന നെയില്‍പോളീഷുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു നെയില്‍ പോളീഷാണ് ഇപ്പോള്‍ സൗന്ദര്യ ​പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡ് ‘ ആസച്ചര്‍’ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

1,63, 66,000 രൂപയാണ് ഈ ബ്ലാക് ഡൈമണ്ട് നെയില്‍ പോളിഷിന്റെ വില. പ്രത്യക്ഷത്തില്‍ സാധാരണ നെയില്‍പോളിഷ് എന്നു തോന്നുമെങ്കിലും ഇത്രയും വില വരാന്‍ ഒരു കാരണമുണ്ട്. ഈ നെയില്‍ പോളീഷില്‍ 267 കാരറ്റ് ബ്ലാക് ഡയമണ്ട് ചേര്‍ത്തിട്ടുണ്ട്.

ബ്ലാക് ഡയമണ്ട് കിങ് എന്നാണ് ആഭരണ ഡിസൈനറായ ആസച്ചർ പോഗോസിയാന്‍ അറിയപ്പെടുന്നത്. കറുപ്പ് വജ്രം ഉപയോഗിച്ച് അദ്ദേഹം ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ക്ക് നിറയെ ആരാധകരാണ്. ഇത്രയും മനോഹരമായ ഈ ബ്ലാക് ഡയമണ്ട് എന്തുകൊണ്ട് നഖങ്ങളില്‍ പരീക്ഷിച്ചുകൂടായെന്ന് ഒരിക്കല്‍ അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് ഈ നെയില്‍ പോളീഷ് പിറവി കൊള്ളുന്നത്.

14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മാത്രം 3 മെഴ്‌സിഡീസ് ബെന്‍സിന്റെ വില വരും. ഈ നെയില്‍ പോളീഷ് വാങ്ങുന്നതിന് മുമ്പായി പല ആവര്‍ത്തി ചിന്തിക്കണമെന്നാണ് വിദഗ്ദോപദേശം. വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വിമര്‍ശനമുണ്ട്. പ്രമുഖ ഹോളിവുഡ് താരം കെല്ലി ഓസ്‌ബോള്‍ അടക്കം 25 പേര്‍ ഇത് സ്വന്തമാക്കി കഴിഞ്ഞു.