മധ്യപ്രദേശിലെ സിയോനിൽ നിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടയില്‍ കിണറ്റിൽ വീണ കടുവയെയും പന്നിയേയും അതിവിദഗ്ധമായി വനംവകുപ്പ് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്.
ഫെബ്രുവരി 4 ന് പുലർച്ചെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കാട്ടുപന്നിയെ പിന്തുടരുകയായിരുന്നു ഒരു കടുവ. ഇതിനിടയിലാണ് ഇരുവരും കിണറ്റിലേക്ക് വീണത്. തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പെഞ്ച് ടൈഗർ റിസർവിന്റെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന പിപാരിയ ഹർദുലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗ്രാമവാസികൾ അതിരാവിലെ തന്നെ കെണിയിൽ അകപ്പെട്ട മൃഗങ്ങളെ കാണുകയും ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളിൽ രണ്ട് മൃഗങ്ങളെയും കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ രക്ഷാസംഘം പരിശ്രമിക്കുന്നതാണ് കാണാം.
രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച കട്ടിലിലും ക്രെയിനിലും പിടിമുറുക്കാൻ കടുവയും കാട്ടുപന്നിയും പാടുപെടുന്നത് വീഡിയോയിൽ കാണാം. രസകരമായ കാര്യം കിണറ്റിലെ വെള്ളത്തില്‍ വേട്ടക്കാരനായ കടുവയും ഇരയായ പന്നിയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അടുത്തുവരികയും പരസ്പരം മുട്ടിയുരുമ്മുകയുമൊക്കെ ചെയ്യുന്നുണ്ട്.
കഠിനമായ പരിശ്രമത്തിനൊടുവിൽ കൂടിനുള്ളിലാക്കി വനംവകുപ്പ് കടുവയെ ആദ്യം രക്ഷപ്പെടുത്തി. പിന്നാലെ കാട്ടുപന്നിയേയും. രണ്ട് മൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വൈറലായ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരെയും ആശ്ചര്യപെടുത്തി., പലരും വനം വകുപ്പിന്റെ കാര്യക്ഷമതയെ പ്രശംസിച്ച് രംഗത്തെത്തി. ഒരു എക്‌സ് ഉപയോക്താവ് തമാശരൂപേണ കുറിച്ചു, “ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ കുടുങ്ങി… രണ്ടും പെഞ്ചിൽ വിജയകരമായി രക്ഷപ്പെട്ടു. എല്ലായ്‌പ്പോഴും പോലെ, വേട്ടക്കാരന് മുൻഗണന ലഭിക്കുന്നു.”
മറ്റൊരു ഉപയോക്താവ് , “കാട്ടുപന്നിയുടെ കാര്യമോ? അവന്റെ അപ്ഡേറ്റ് എന്താണ്? അവനെ രക്ഷിച്ചില്ലേ?” എന്നാണ് ചോദിച്ചത്.
ഏതായാലും സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ പെട്ടെന്നുള്ള പ്രതികരണം അപകടത്തിൽപ്പെട്ട രണ്ട് ജീവജാലങ്ങളുടെയും ജീവൻ രക്ഷിക്കാൻ സഹായിച്ചു.