വ്യത്യസ്തതവും വിചിത്രവുമായ ഒട്ടനവധി വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. ഒരു യുവാവ് തന്റെ സ്വന്തം വിവാഹ ചടങ്ങിൽ പൂജാരി ആയിമാറുകയും കർമങ്ങൾ ഏറ്റെടുക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുന്ന വീഡിയോയാണിത്.
ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സഹരൻപൂരിലെ രാംപൂർ മണിഹരൻ നിവാസിയായ വിവേക് കുമാർ എന്ന യുവാവാണ് വിവാഹ ചടങ്ങുകൾ സ്വയം നടത്തി അതിഥികളെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്.
വർഷങ്ങളായി വേദാചാരങ്ങൾ അഭ്യസിക്കുന്ന വിവേക് വിവാഹ ചടങ്ങിനിടെ വധുവിന്റെ അരികിലിരുന്ന് ആത്മവിശ്വാസത്തോടെ മന്ത്രങ്ങൾ ചൊല്ലി. “വരൻ പുരോഹിതനാകുന്നു: സഹാറൻപൂരിൽ ഒരാൾ തന്റെ വിവാഹ ചടങ്ങുകൾ സ്വയം നടത്തുന്നു” എന്ന അടിക്കുറിപ്പോടെ ഈ അപൂർവ നിമിഷത്തിന്റെ വീഡിയോ X-ലാണ് പങ്കുവെക്കപ്പെട്ടത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്.
വിവാഹ വസ്ത്രം ധരിച്ച വിവേക് ചടങ്ങുകൾ അനായാസം നിർവഹിക്കുന്നതാണ് വീഡിയോയിലുള്ളത്. ആചാരങ്ങൾ പൂർത്തിയാക്കുന്നതിൽ അയാളുടെ വധുവും അവനോടൊപ്പം ചേർന്നു. ആചാര്യനായ വൈദികനോടൊപ്പം അതിഥികളും ഇതു കണ്ട് വിസ്മയിച്ചു.
വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി. സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കാനുള്ള വിവേകിന്റെ ശ്രമത്തെ പലരും അഭിനന്ദിച്ചു. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ദമ്പതികൾ ഒരു രാജകുമാരനെയും രാജകുമാരിയെയും പോലെയാണ്. അവർ നല്ല ആരോഗ്യത്തോടും സമൃദ്ധിയോടും കൂടി സന്തോഷകരമായ ജീവിതം നയിക്കട്ടെ. അവരുടെ കുട്ടികൾ വേദജ്ഞാനത്തിലും പ്രവൃത്തിയിലും പിതാവിനെ മറികടക്കണം.
” മറ്റൊരാൾ വിവേകിനെപ്പോലെ ഒരു ഭർത്താവിനെ ലഭിച്ചത് “ഭാഗ്യവതി” എന്ന് വിശേഷിപ്പിച്ചു, മറ്റുള്ളവർ സനാതന ധർമ്മത്തിൻ്റെ സൗന്ദര്യം പ്രദർശിപ്പിച്ചതിന് അദ്ദേഹത്തെ പ്രശംസിച്ചു. ഒരാൾ പറഞ്ഞു, ‘എല്ലാ സനാതനിയും ഇങ്ങനെ ആയിരിക്കണം. നന്നായി തയ്യാറെടുത്തു.’
വിവേക് ഇപ്പോൾ ഗുരുകുൽ കാംഗ്രി സർവകലാശാലയിൽ ബി ഫാർമ ബിരുദം അഭ്യസിക്കുകയാണ്. വൈദിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ആര്യസമാജവുമായുള്ള അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ബന്ധം വൈദിക പാരമ്പര്യങ്ങളിൽ അദ്ദേഹത്തെ എപ്പോഴും ആവേശഭരിതനാക്കിയിരുന്നു., ചെറുപ്പത്തിൽ തന്നെ സ്ഥാപനം സന്ദർശിക്കാൻ തുടങ്ങിയ അദ്ദേഹം നിരവധി മന്ത്രങ്ങളിൽ പ്രാവീണ്യം നേടി.
തുടർന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, ആചാര്യ വീരേന്ദ്ര ശാസ്ത്രിയുടെ മാർഗനിർദേശപ്രകാരം വിവേക് തൻ്റെ കഴിവുകൾ മെച്ചപ്പെടുത്തി. വിവാഹ ചടങ്ങുകൾ സ്വയം നിർവ്വഹിക്കുന്നതിലൂടെ, ആധുനിക വിദ്യാഭ്യാസം സ്വീകരിക്കുമ്പോഴും സാംസ്കാരിക വേരുകളുമായി ബന്ധം പുലർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. “ആധുനിക പഠനം സ്വീകരിക്കുമ്പോൾ, നമ്മുടെ സാംസ്കാരിക വേരുകൾ മറക്കരുതെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” വിവേക് പറഞ്ഞു. മുമ്പ് നിരവധി വിവാഹങ്ങളിൽ വിവേക് വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.