തിരക്കേറിയ നഗരങ്ങളിൽ യാത്രകൾക്കായി കൂടുതൽ ആളുകളും ക്യാബുകൾ പോലുള്ള ഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ട്രാഫിക് ബ്ലോക്കുകളും തിരക്കുകളും നിറഞ്ഞതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ഇതുപോലെയുള്ള ക്യാബ് ഡ്രൈവർമാർ ആളുകളെ ലക്ഷ്യസ്ഥാത്ത് എത്തിച്ചേർക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ സമയത്തിനോ യാത്രക്കാരുടെ സൗകര്യത്തിനോ എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ അവസ്ഥകളും യാത്രക്കാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇത്രയേറെ ചർച്ചകളിലേക്ക് കാര്യങ്ങൾ നയിക്കാൻ കാരണമായത്. സംഭവം എന്താണെന്ന് അല്ലെ? ഏഴ് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്നു ഒരു സ്ത്രീ ക്യാബ് ഡ്രൈവറെ അധിക്ഷേപിക്കുന്ന വീഡിയോയാണ് ഇത്. സംഭവം വൈറലായതോടെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത രോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
@Incognito എന്ന ഉപയോക്താവ് X-ൽ പങ്കിട്ട വീഡിയോ 580,000-ലധികം പേരാണ് ഇതിനോടകം കണ്ടത്. വീഡിയോ കണ്ടതോടെ പലരും യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
വീഡിയോയിൽ വൈകി എത്തിയതിനു ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അശ്ലീല പദപ്രയോഗങ്ങളാണ് യുവതി നടത്തുന്നത്. വാക്കേറ്റമുണ്ടായിട്ടും ഡ്രൈവർ ശാന്തനായി ഇരിക്കുന്നതാണ് കാണുന്നത്. ട്രാഫിക് ബ്ലോക്ക് കാരണമാണ് എത്താൻ വൈകിയതെന്നും അയാൾ പറയുന്നുണ്ട്. തുടർന്ന് ക്യാബ് വിടുന്നതിന് മുമ്പ് യുവതി ഡ്രൈവറെ തുപ്പുന്നതും സ്ഥിതിഗതികൾ വഷളാകുന്നതുമാണ് കാണുന്നത്. ഏതായാലും ഇത്രയൊക്കെ ഉണ്ടായിട്ടും ഡ്രൈവർ പ്രതികരിക്കാൻ നിന്നില്ല മറിച്ച് യുവതി ചെയ്തതെല്ലാം അയാൾ റെക്കോർഡ് ചെയ്യുകയായിരുന്നു.
ഇങ്ങനെ ഒരു സാഹചര്യത്തിലും ശാന്തമായി പ്രതികരിച്ച വീഡിയോ റെക്കോർഡ് ചെയ്ത ഡ്രൈവറെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയും സ്ത്രീയുടെ പെരുമാറ്റത്തെ അപലപിക്കുകയും ചെയ്തു. നിരവധി ആളുകളാണ് സ്ത്രീക്കെതിരെ കമന്റുകളുമായി രംഗത്തെത്തിയത്. “ഈ സ്ത്രീയെ എത്രയും വേഗം അറസ്റ്റ് ചെയ്യണം,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“പുരുഷന്മാർക്ക് ഹാറ്റ് ഓഫ് നൽകണം, കാരണം അവർ പലപ്പോഴും ഇത്തരം കേസുകളിലൊ ഏതെങ്കിലും പ്രശ്നത്തിലോ തെറ്റായ ആരോപണത്തിലോ വന്നേക്കാം,” മറ്റൊരാൾ ആ മനുഷ്യനെ പ്രശംസിച്ചു.